ബെംഗളൂരു: ജനവികാരം എതിരായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് സംസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറാണെന്നും സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയത്.
സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കില്ല. സഖ്യസര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതിലധികം എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കും. ബിജെപി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 170-175 സീറ്റുകളില്‍ ബിജെപി വിജയിക്കും. ലോക്‌സഭയിലേക്ക് ചരിത്ര വിജയം നേടിയ ബിജെപി നിയമസഭയിലേക്കും ആ വിജയം ആവര്‍ത്തിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം മോദി തരംഗവും പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവുമാണ്. ഇതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ബിജെപിക്ക് തുണയായി.
സംസ്ഥാനത്തെ സഖ്യസര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നതും ജനവിധി ബിജെപിക്ക് അനുകൂലമാക്കി. ജെഡിഎസ്-കോണ്‍ഗ്രസിന്റെ അവസരവാദ കൂട്ടുകെട്ടിനു ജനങ്ങള്‍ നല്‍കിയ ശക്തമായ തിരിച്ചടിയാണ് ഈ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.
സഖ്യസര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചും മുന്നോട്ടു പോകുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
















