ബെംഗളൂരു: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് മുത്തച്ഛന്‍ എച്ച്.ഡി. ദേവഗൗഡയ്‌ക്കു വേണ്ടി സീറ്റൊഴിയാന്‍ തയാറായി കര്‍ണാടകയിലെ ജെഡിഎസിന്റെ ഏക പ്രതിനിധി പ്രജ്വല്‍ രേവണ്ണ.
ദേവഗൗഡ കുടുംബത്തില്‍ നിന്നും മത്സരത്തിനിറങ്ങിയ മൂന്നുപേരില്‍ വിജയിച്ചത് പ്രജ്വല്‍ മാത്രമാണ്. അഞ്ചുതവണ ദേവഗൗഡ വിജയിച്ച ജെഡിഎസിന്റെ ഉറച്ചകോട്ടയായ ഹാസനില്‍നിന്ന് 1,41,324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രജ്വല്‍ രേവണ്ണ വിജയിച്ചത്.
കന്നിയങ്കത്തില്‍ പ്രജ്വല്‍ വിജയിച്ചപ്പോള്‍ തുമകുരുവില്‍ ദേവഗൗഡ തോല്‍വിയറിഞ്ഞു. ദേവഗൗഡയുടെ മറ്റൊരു പേരമകനായ നിഖില്‍ ഗൗഡ മാണ്ഡ്യയിലും പരാജയപ്പെട്ടു. പാര്‍ട്ടിക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കുമായി ഒരുപാട് ത്യാഗം സഹിച്ച വ്യക്തിയാണ് ദേവഗൗഡയെന്നും അദ്ദേഹത്തിനായി താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും പ്രജ്വല്‍ രേവണ്ണ പറഞ്ഞു.
തനിക്കുവേണ്ടിയാണ് അദ്ദേഹം ഹാസന്‍ ത്യജിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ഹാസനില്‍ നിന്നും മത്സരിക്കും. ദേവഗൗഡക്കുണ്ടായ നഷ്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തനിക്കും സഹിക്കാവുന്നതല്ലെന്നും പ്രജ്വല്‍ പറഞ്ഞു.
ദേവഗൗഡയുടെ മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. അതേസമയം, പ്രജ്വല്‍ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ് മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥി എ.മഞ്ജു നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഇതിനെ തുടര്‍ന്ന്, അയോഗ്യനാക്കിയേക്കുമെന്ന് ഭയന്നാണ് രാജിവെക്കാന്‍ തയാറാകുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം.
















