ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ടിന് തീകൊളുത്തിയ വമ്പന്മാരൊക്കെ ഇംഗ്ലണ്ടിലെ ലോകകപ്പിലും കൂറ്റന്‍ അടികള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ 784 തവണയാണ് ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തുകള്‍ മൂളി പാഞ്ഞത്. വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഓസ്‌ട്രേലിയയുടെ ക്രിസ് ലിന്‍, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ ഹിറ്റര്‍മാരാണ് ഐപിഎല്ലില്‍ ബാറ്റിങ് വെടിക്കെട്ട്് തീര്‍ത്തത്്. ഇവരൊക്കെ ലോകകപ്പില്‍ അവരവരുടെ ദേശീയ ടീമുകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഐപിഎല്ലില്‍ ഇരുപത് ഓവറുകളിലാണ് കളി. പക്ഷെ ലോകകപ്പ് 50 ഓവര്‍ മത്സരങ്ങളാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചും അനുകൂലമായാല്‍ ഹിറ്റര്‍മാര്‍ നിറഞ്ഞാടുമെന്ന് ഉറപ്പാണ്. ആരാധകര്‍ക്ക് വീണ്ടുമൊരു വെടിക്കെട്ടു വിരുന്ന് ആഘോഷിക്കാം.
ഇംഗ്ലണ്ടില്‍ 1999 ലാണ് അവസാനമായി ലോകകപ്പ് അരങ്ങേറിയത്
. അന്ന് മേയ് പതിനാല് മൂതല്‍ ജൂണ്‍ 20 വരെയായിരുന്നു മത്സരങ്ങള്‍. അന്നും കലാവസ്ഥയും പിച്ചുമൊക്കെ കളിയെ ബാധിച്ചിരുന്നു. ഇത്തവണ മെയ് 30 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ ചൂടുള്ള കലാവസ്ഥയായിരിക്കും. ചൂട് കൂടുന്നത് വിക്കറ്റുകളുടെ സ്വഭാവം മാറ്റും.
ലോകകപ്പ് അരങ്ങേറുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ തുണയ്‌ക്കില്ല. പുതിയ പന്തിന്റെ തിളക്കം തീരുന്നതോടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്‌ത്താന്‍ കഷ്ടപ്പെടേണ്ടിവരുമെന്ന് ഓസീസിന്റെ മുന്‍ പേസര്‍ ബ്രെറ്റ് ലീ പറഞ്ഞു.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഇതേ അഭിപ്രായമാണ്. വേനല്‍ക്കാലമായതിനാല്‍ വിക്കറ്റുകള്‍ ഫ്‌ളാറ്റാകുമെന്ന് സച്ചിന്‍ വെളിപ്പെടുത്തി.
ലോകകപ്പിന് എത്തുന്ന ബൗളര്‍മാരില്‍ ഭൂരിഭാഗവും പരിചയസമ്പന്നരാണ്. അവസരത്തിനൊത്ത് പന്തെിറിയാന്‍ അവര്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഐപിഎല്ലില്‍ ആന്ദ്രെ റസ്സലും ഹാര്‍ദിക് പാണ്ഡ്യയുമൊക്ക മിക്കപ്പോഴും എതിരാളികളുടെ ദുര്‍ബലമായ പന്തുകളാണ് അതിര്‍ത്തികള്‍ക്ക് മുകളിലൂടെ പറപ്പിച്ചത്. ലോകകപ്പിലും ഇവരില്‍ നിന്ന ഇത്തരം വെടിക്കെട്ടുകള്‍ പ്രതീക്ഷിക്കാം.
ഐപിഎല്‍ മത്സരങ്ങള്‍ നടന്ന ചില ഗ്രൗണ്ടുകളുടെ ബൗണ്ടറി ലൈന്‍ ചെറുതായയും ബിഹ് ഹിറ്റര്‍മാരെ തുണച്ചു. ഇംഗ്ലണ്ടില്‍ നോട്ടിങ് ഹാം ഒഴിച്ചുള്ള ഗ്രൗണ്ടുകളിലെ ബൗണ്ടറി ലൈനുകള്‍ നീളമേറിയതാണ്. 2015 നു ശേഷം നോട്ടിങ് ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ മൂന്ന് തവണ സ്‌കോര്‍ 391 റണ്‍സ് കടന്നു. ഇത്തവണ ലോകകപ്പില്‍ പാക്കിസ്ഥാനെ വിന്‍ഡീസ് ഈ ഗ്രൗണ്ടില്‍ നേരിടും. ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കി ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും കത്തിക്കയറും. ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ മത്സരവും ഇവിടെ നടക്കുന്നുണ്ട്. ജോസ് ബട്‌ലര്‍, ബെയര്‍സ്‌റ്റേ, മോര്‍ഗന്‍ എന്നിവരും അടിച്ചു തകര്‍ക്കും.
ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക്, ധോണി, രോഹിത് എന്നിവര്‍ക്കും ഈ ഗ്രൗണ്ടില്‍ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവയ്‌ക്കാന്‍ അവസരമുണ്ട്. ന്യൂസിലന്‍ഡ് – ഇന്ത്യ പോരാട്ടവും ട്രെന്‍ഡ് ബ്രിഡ്ജിലാണ് നടക്കുക.
















