കൊച്ചി: മരട് നഗരസഭയിലെ അനധികൃത കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി താമസക്കാരും കെട്ടിട നിര്‍മാതാക്കളും. ഒന്നിച്ചും വെവ്വേറെയും റിവ്യൂ ഹര്‍ജികള്‍ നല്‍കാന്‍ നിലവില്‍ ഫ്ളാറ്റുകളിലെ താമസക്കാര്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
എന്നാല്‍ കെട്ടിട നിര്‍മ്മിതിയില്‍ അഴിമതിയില്ലെന്നും നിയമപരമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ആല്‍ഫാ വെന്‍ച്വേഴ്‌സ് ഡയറക്ടര്‍ ജെ. പോള്‍ രാജ് പറഞ്ഞു. 2006ല്‍ മരട് നഗരസഭയാണ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കിയത്. തുടര്‍ന്ന് ഒമ്പതു മാസങ്ങള്‍ക്കു ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ച് മരട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നഗരസഭ കെട്ടിട നിര്‍മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. 2006ല്‍ പെര്‍മിറ്റ് നല്‍കുന്ന സമയം തീരദേശങ്ങളെ വേര്‍തിരിച്ചു കൊണ്ടുള്ള മാപ്പിങ് സംവിധാനമുണ്ടായിരുന്നില്ല. പിന്നീട് 2012ലാണ് മാപ്പിങ് സംവിധാനം നിലവില്‍ വരുന്നത്. 2006ലെ നിയമം അനുസരിച്ച് ചട്ട ലംഘനം നടന്നിട്ടില്ല.
പുതിയ നിയമം പ്രാബല്യത്തില്‍ ഇല്ലാത്ത കാലത്താണ് കെട്ടിടം പണിയുന്നത്. നിലവിലെ സുപ്രിം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ പരിപാലന നിയമം മറികടന്നുള്ള നിര്‍മാണത്തിനെതിരെ അതോറിറ്റി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലും ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ അതോറിറ്റിക്കൊപ്പം നഗരസഭയും കക്ഷിചേര്‍ന്നു. ഡിവിഷന്‍ ബഞ്ച് വിധിയും കെട്ടിടനിര്‍മാതാക്കള്‍ക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. ഒരു മാസത്തിനുള്ളില്‍ മരട് നഗരസഭ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.
കായലോരത്തിലെ 40 ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ വരും. ഇതൊഴികെ മറ്റു മൂന്നു ഫ്ളാറ്റുകളും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം വരും. തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
















