ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപ പ്രസ്താവനയില്‍ സാം പിത്രോദ മാപ്പ് പറയണമെന്ന രാഹുലിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മാര്‍ഗദര്‍ശിയോട് ആ പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിന് പകരം രാഹുല്‍ സ്വയം ആ പ്രസ്താവനയില്‍ ലജ്ജിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബിലെ ഭടീണ്ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മനസിലെന്താണോ അതാണ് സാം പിത്രോദ അന്ന് പരസ്യമായി പറഞ്ഞത്. ആ വാക്കുകളില്‍ നിങ്ങളാണ് ലജ്ജിക്കേണ്ടത്.’
കോണ്‍ഗ്രസ് 50 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. അവരുടെ നേതാവും ആകെ ആശങ്കയിലാണ് അതുകൊണ്ട് അവര്‍ ചിന്തിക്കുന്നതും വേറെയെന്തൊക്കയോ ആണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ അഹങ്കാരം ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
1984 ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിത്രോദയുടെ വിവാദമായ മറുപടി. കഴിഞ്ഞത് കഴിഞ്ഞുവെന്നും ഇനി അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നുമായിരുന്നു സാം പിത്രോദ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും പിത്രോദയുടെ ഈ വാക്കുകളോട് പ്രതികരിച്ചിട്ടില്ല.
















