ന്യൂദല്‍ഹി: ബി എസ് പി അദ്ധ്യക്ഷ മായാവതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും തങ്ങള്‍ സ്ത്രീകള്‍ ബിജെപിയില്‍ സുരക്ഷിതരാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വിവാഹിതരായ ബിജെപിയിലെ വനിതാ നേതാക്കള്‍ നരേന്ദ്ര മോദിയെ ഭയപ്പെടണമെന്നായിരുന്നു മായാവതിയുടെ അധിക്ഷേപം. മോദി അവരുടെ ഭര്‍ത്താക്കന്മാരെ അവരില്‍ നിന്നും പിരിക്കുമെന്നും മായാവതി പറഞ്ഞിരുന്നു. ആള്‍വാര്‍ കൂട്ടബലാത്സംഗക്കേസിലെ മായാവതി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ മൗനത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സംഭവം മൂടിവെക്കാന്‍ ശ്രമിച്ചിട്ട് ഒടുവില്‍ പുറത്തറിയുമ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നത് ഭൂഷണമല്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ വിമര്‍ശനം.
ഒഡിഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സംബിത് പത്ര മായവതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ലോകം ആദരിക്കുന്ന ഒരു വ്യക്തിത്വത്തിനെതിരെ മായാവതി ഉപയോഗിച്ച വാക്കുകള്‍ അങ്ങേയറ്റം സംസ്‌കാര ശൂന്യമാണ്.
ഇത് തികച്ചും വികലമായ മാനസികാവസ്ഥയുടെ പ്രകടനമാണ്. ഇത് വിദ്വേഷത്തിന്റെ രാഷ്‌ട്രീയമാണ്. രാഷ്‌ട്രത്തെ സ്വന്തം മാതാവായും ഭാരതീയരെ സ്വന്തം കുടുംബാംഗങ്ങളായും കാണുന്ന നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഇത്തരം അസഭ്യ വചസ്സുകള്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും’ അദ്ദേഹം പറഞ്ഞു.
















