വലന്‍സിയ: യൂറോപ്പ ലീഗിന്റെ രണ്ടാം പാദസെമിയില്‍ ശക്തമായി തിരിച്ചടിച്ച് തിരിച്ചുവരാമെന്ന വലന്‍സിയയുടെ മോഹങ്ങള്‍ പീരങ്കിപ്പടയുടെ പിയറി എമറിക് ഔബമേയാങ്ങിന്റെ ‘ട്രിക്കി’ല്‍ എരിഞ്ഞടങ്ങി. ആദ്യപാദത്തില്‍ 3-1 ന് പിന്നില്‍ നിന്ന വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 4-2 ന്് വീഴ്‌ത്തി പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സണല്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി പീരങ്കിപ്പട 7-3 ന് ജയിച്ചുകയറി. 17, 69, 88 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ഔബാമേയാങ്ങിന്റെ ഹാട്രിക്കാണ് വലന്‍സിയയെ തകര്‍ത്തത്.
ആദ്യപാദത്തിലെ കടവുമായി കളിക്കളത്തിലിറങ്ങിയ വലന്‍സിയ തുടക്കത്തില്‍ തന്നെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. പതിനൊന്നാം മിനിറ്റില്‍ തന്നെ അവര്‍ ആഴ്‌സണലിെന വിറപ്പിച്ച് ഗോള്‍ നേടി. കെവിന്‍ ഗാമീറോയാണ് സ്‌കോര്‍ ചെയ്തത്. പക്ഷെ വലന്‍സിയയുടെ ആഘോഷം അധികം നീണ്ടില്ല.
ആറു മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി ആഴ്‌സണല്‍ വലന്‍സിയയ്‌ക്കൊപ്പം എത്തി. ഔബമേയാങ്ങാണ് ഗോള്‍ അടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലകാസെറ്റെ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. തകര്‍ത്തുകളിച്ച വലന്‍സിയ എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ മടക്കി. ഗമീറോയാണ് അവരുടെ രണ്ടാം ഗോളും കുറിച്ചത്. അവസാന നിമിഷങ്ങളില്‍ ഔബമേയാങ്ങ് രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചതോടെ വലന്‍സിയ തോല്‍വിയിലേക്ക് നീങ്ങി.
ഈ വിജയത്തോടെ ആഴ്‌സണലിന്റെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. യൂറോപ്പ ലീഗ് കിരീടം ചൂടി അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. കഴിഞ്ഞമാസത്തെ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മികവ് കാട്ടാനായില്ലെന്ന് ആഴ്‌സണല്‍ താരം ലകാസെറ്റെ പറഞ്ഞു.
ഈമാസം 29 ന് ബാക്കുവില്‍ അരങ്ങേറുന്ന കലാശപ്പോരാട്ടത്തില്‍ ആഴ്‌സണല്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുമായി മാറ്റുരയ്‌ക്കും. 2013 നു ശേഷം ഇതാദ്യമായാണ് യൂറോപ്പ ലീഗില്‍ സ്പാനിഷ് ടീമില്ലാത്ത ഫൈനല്‍ നടക്കുന്നത്.
















