ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീട വിജയികളെ നിര്‍ണയിക്കുന്ന അവസാന ലീഗ് പോരാട്ടങ്ങള്‍ നാളെ. ലിവര്‍പൂള്‍, വോള്‍വര്‍ഹാംപ്റ്റണെ നേരിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റണ്‍ ഹോവ് അല്‍ബിയോണിനെ നേരിടും.
വോള്‍വര്‍ഹാംപ്റ്റണെതിരെ മുഹമ്മദ് സല കളിക്കുമെന്ന് ലിവര്‍പൂള്‍ കോച്ച് ജൂര്‍ഗന്‍ ക്ലോപ്പ്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബാഴ്‌സലോണക്കെതിരെ സല കളിച്ചില്ല. കഴിഞ്ഞയാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് തലയ്‌ക്ക് പരിക്കേറ്റതിനാലാണ് സല പിന്മാറിയത്.
നാളെയാണ് ലിവര്‍പൂള്‍- വോള്‍വര്‍ ഹാംപ്റ്റണ്‍ പോരാട്ടം. ഈ മത്സരത്തില്‍ വിജയിച്ചാലേ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ നിലനിര്‍ത്താനാകൂ. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റണ്‍ ഹോവ് അല്‍ബിയോണിനെ തോല്‍പ്പിച്ചാല്‍ കിരീടം സിറ്റിക്ക് സ്വന്തമാകും.
37 മത്സരങ്ങളില്‍ 95 പോയിന്റ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. ലിവര്‍പൂള്‍ 37 മത്സരങ്ങളില്‍ 94 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നാളത്തെ നിര്‍ണായക മത്സരത്തില്‍ സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ ജയിക്കുകയും ചെയ്താല്‍ ലിവര്‍പൂളിന് കിരീടം ലഭിക്കും.
















