ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു അവിശ്വസനീയമായ തിരിച്ചുവരവിലൂടെ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം കലാശക്കളിയില്‍ കടന്നു. രണ്ടാംപാദ സെമിയില്‍ അയാക്‌സിനെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് ടോട്ടനം ഇതാദ്യമായി ഫൈനലിലെത്തി.
ആദ്യ പാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം രണ്ടാം പാദത്തില്‍ 3-2ന് ജയിച്ചതോടെ സ്‌കോര്‍ ഒപ്പത്തിനൊപ്പം (3-3). പക്ഷെ ഏറ്റവും കൂടുതല്‍ എവേ ഗോളുകള്‍ നേടിയതിന്റെ മികവില്‍ ടോട്ടനം ഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ 0-2ന് പിന്നിട്ടു നിന്നശേഷമാണ് ടോട്ടനത്തിന്റെ ശക്തമായ തിരിച്ചുവരവ്. ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. 55, 59, 96 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മോറ ഹാട്രിക്ക് തികച്ചത്.
ജൂണ്‍ ഒന്നിന് മാഡ്രിഡില്‍ നടക്കുന്ന ഫൈനലില്‍ ടോട്ടനം മറ്റൊരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളുമായി മാറ്റുരയ്‌ക്കും. കഴിഞ്ഞ ദിവസം ബാഴ്‌ലോണക്കെതിരെ ശക്തമായ തിരിച്ചുവരവിലൂടെ ലിവള്‍പൂള്‍ ഫൈനലിലെത്തിയത്.
സ്വന്തം തട്ടകമായ യോഹാന്‍ ക്രൈഫ് അരീനയില്‍ അരങ്ങേറിയ രണ്ടാം പാദ സെമിയില്‍ യുവതാരങ്ങളടങ്ങിയ അയാക്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ തന്നെ അവര്‍ രണ്ട് ഗോളും നേടി. ഇതോടെ മൂന്ന് ഗോളിന്റെ ലീഡായി. അഞ്ചാം മിനിറ്റില്‍ ഡി ലിഗറ്റും 35-ാം മിനിറ്റില്‍ ഹക്കിം സിയാച്ചുമാണ് ഗോള്‍ നേടിയത്. ഇടവേളയ്‌ക്ക് അയാക്‌സ് 2-0ന് മുന്നിട്ടുനിന്നു.
ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച അയാക്‌സ് ആദ്യ പകുതിയില്‍ രണ്ട് ഗോളും നേടിയതോടെ ഫൈനലിലേക്ക് അനായാസം കടന്നുകയറുന്ന്് കരുതി. പക്ഷെ രണ്ടാം പകുതിയില്‍ കഥമാറി. കളം നിറഞ്ഞ്് കളിച്ച ടോട്ടനം
അയാക്‌സിനെ വാരിക്കളഞ്ഞു. ലൂക്കാസ് മൗറ ഹാട്രിക്കും കുറിച്ചതോടെ ടോട്ടനം ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് കടന്നുകയറി.
അമ്പത്തിയഞ്ചാം മിനിറ്റിലാണ് ലുകാസ് മൗറ ആദ്യം അയാക്‌സിന്റെ വല കുലുക്കിയത്. ലുകാസും അലിയും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളായത്. ലുകാസിന്റെ ഷോട്ട് അയാക്‌സ് ഗോളിയെ മറികടന്ന് വലയില്‍ കയറി.
നാലു മിനിറ്റുകള്‍ക്ക് ശേഷം ലുകാസിന്റെ രണ്ടാം ഗോള്‍ പിറന്നു. ബോക്‌സിന് ആറുവാര അകലെനിന്ന് ലോറന്റയിന്‍ തൊടുത്തുവിട്ട ഷോട്ട് അയാക്‌സ് ഗോളി തട്ടിയകറ്റി. പക്ഷെ പന്ത് നേരെ ലുകാസിന്റെ ബൂട്ടിലെത്തി. ലുകാസ് അത് ഗോളിലേക്ക് തിരിച്ചുവിട്ടു. അവസാന നിമിഷങ്ങളില്‍ മൂന്നാം ഗോളും നേടി ലുകാസ് ടോട്ടനത്തെ ഫൈനലിലേക്ക് കടത്തിവിട്ടു.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ കൂടാതെയാണ് ടോട്ടനം രണ്ടാം പാദ സെമിക്കിറങ്ങിയത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ആദ്യ പാദത്തില്‍ മത്സരിക്കാന്‍ കഴിയാതെ പോയ സണ്‍ ഹിയൂങ് – മിന്‍ ഇന്നലെ ടോട്ടനത്തിനായി ബൂട്ടുകെട്ടി.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ യുവന്റസ് എന്നീ ടീമുകളെ മറികടന്നാണ് അയാക്‌സ് സെമിഫൈനല്‍ വരെ എത്തിയത്. 1996 ലാണ് അയാക്‌സ് അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്.
















