ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയ ലക്ഷ്യം ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നീലപ്പട മറികടന്നു.
താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയ്‌ക്ക് തുടക്കത്തില്‍ തന്നെ രോഹിതിനെയും ഡികോക്കിനെയും നഷ്ടപ്പെട്ടു. അവിടെ നിന്നാണ് സൂര്യകുമാര്‍ യാദവ് ടീമിനെ തോളിലേറ്റിയത്. യാദവ് 54 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. 28 റണ്‍സെടുത്ത ഇഷാന്‍ കിഷനും 13 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും യാദവിന് മികച്ച പിന്തുണ നല്‍കി.
ചെന്നൈയ്‌ക്കായി ഇമ്രാന്‍ താഹില്‍ രണ്ടും ഹര്‍ഭജനും ചഹറും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ചെന്നൈയ്‌ക്ക് 131 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കണിശതയാര്‍ന്ന മുംബൈ ബൗളിങ്ങിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ചെന്നൈ നിരയില്‍ അമ്ബാട്ടി റായിഡുവിനും ക്യാപ്റ്റന്‍ എം.എസ്. ധോനിക്കും മുരളി വിജയ്‌ക്കും മാത്രമാണ് തിളങ്ങാനായത്.
37 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റായിഡുവാണ് ടോപ് സ്‌കോറര്‍. ധോനി 29 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുരളി വിജയ് 26 പന്തില്‍ നിന്ന് 26 ഉം റണ്‍സെടുത്തു.
ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്.
















