ന്യൂദല്‍ഹി: കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയല്ല, സര്‍വകലാശാലയായി മാറിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഭീകരസംഘടനകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന് സമാനമാണ് കേരളത്തിലെ ഭരണകൂടത്തില്‍ നിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണ. കേരളാ പോലീസിലെ ഭീകരവിരുദ്ധ സംഘത്തെ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിര്‍ജ്ജീവമാക്കി നിര്‍ത്തിയതായും ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കൃഷ്ണദാസ് ആരോപിച്ചു.
അന്തര്‍ദേശീയ തലത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ കേരളം കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കേരളത്തില്‍ മൂന്നു പേര്‍ ഇതുവരെ അറസ്റ്റിലായി. തമിഴ്‌നാട് ഭീകരവിരുദ്ധസംഘത്തിന്റെ നിരീക്ഷണത്തിലുള്ള ഇരുപതു പേരും മലയാളികളാണ്. നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വേരുകളും ശ്രീലങ്കയിലെ ആക്രമണ സംഭവങ്ങളും ഏറെ ഭീതിജനകമായ അവസ്ഥയാണ് സംജാതമാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ റെയ്ഡുകളും മറ്റ് ഓപ്പറേഷനുകളും തുടര്‍ച്ചയായി നടത്തുമ്പോഴും കേരളത്തിലെ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. പോപ്പുലര്‍ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ രഹസ്യചര്‍ച്ച എന്തെന്ന് ലീഗ് വെളിപ്പെടുത്തണം.
ഭീകരബന്ധമുള്ള ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് തയാറാവുന്നില്ല. ഭരണകൂടത്തില്‍ നിന്ന് ഭീകരര്‍ക്ക് ഇത്രയും സഹായം തെക്കനേഷ്യയില്‍ ലഭിക്കുന്ന ഏക പ്രദേശം പാക്കിസ്ഥാന്‍ മാത്രമാണ്. കേരളത്തിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ലീപ്പിങ് സെല്ലുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ 1990കള്‍ മുതല്‍ ഇതുവരെ ഒരൊറ്റ ഭീകരനെ പോലും പിടികൂടാന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല.
കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍ കേരളത്തെ അപമാനിക്കുകയാണ് മോദിയെന്നാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്. എന്നാല്‍, ഇന്ന് കേരളം നഴ്‌സറിയല്ല, ആഗോളതലത്തില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാലയായി ഉയര്‍ന്നു കഴിഞ്ഞു. ലിബിയയിലും സിറിയയിലും ഇറാഖിലും ശ്രീലങ്കയിലും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ചാവേറുകളെ കേരളത്തില്‍ സജ്ജമാക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ജെ. അനൂപ്, സൗത്ത് ഇന്ത്യന്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് എന്നിവര്‍ പങ്കെടുത്തു.
















