ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തി ചരിത്രം കുറിക്കാന്‍ ടോട്ടനത്തിന് കനകാവസരം. രണ്ടാം പാദ സെമിയില്‍ ടോട്ടനം ഇന്ന് രാത്രി 12.30ന് ഡച്ച് ടീം അയാക്‌സിനെ നേരിടും. ആദ്യ പാദ സെമിയില്‍ ഒരു ഗോളിന് തോറ്റ് പിന്നില്‍ നില്‍ക്കുന്ന ടോട്ടനത്തിന് ഇന്ന് രണ്ട് ഗോളിന്റെ ജയം നേടിയാല്‍ ഫൈനലില്‍ കടക്കാം.
പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ടോട്ടനം രണ്ടാം പാദ സെമിക്കെത്തുന്നത്. അയാക്‌സിന്റെ യുവനിരയെ വീഴ്‌ത്താന്‍ ടോട്ടനത്തിന് ശക്തമായ പോരാട്ടം നടത്തേണ്ടിവരും. പരിക്കിനെ തുടര്‍ന്ന് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ വിട്ടുനില്‍ക്കുന്നത് അവര്‍ക്ക് തിരിച്ചടിയാണ്. പക്ഷെ സസ്‌പെന്‍ഷനുശേഷം ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹിയുങ് – മിന്‍ തിരിച്ചെത്തിയത് ആശ്വാസമായി. സണ്‍ ഇന്ന് കളിക്കളത്തിലിറങ്ങും.
അയാക്‌സിന്റെ പ്രമുഖ താരങ്ങള്‍ക്കൊന്നും പരിക്കില്ല. മികച്ച ഫോമിലാണ് അവര്‍. വമ്പന്മാരായ റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകളെ അട്ടിമറിച്ചാണ് അവര്‍ സെമിഫൈനല്‍ വരെ എത്തിയത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് എവേ മത്സരങ്ങളിലും അയാക്‌സ് വിജയക്കൊടി നാട്ടി.
കൗമാരതാരമായ പ്രതിരോധനിരക്കാരന്‍ മാത്തിയാസ് ഡി ലിഗ്റ്റാണ് അയാക്‌സിന്റെ ശക്തികേന്ദ്രം. ടോട്ടനം ടീമിലേക്ക് സ്‌ട്രൈക്കര്‍ സണ്‍ ഹിയൂങ് മിന്‍ തിരിച്ചെത്തുന്നതോടെ മാത്തിയാസ് ഡി ലിഗ്റ്റിന് ഉത്തരവാദിത്വം കൂടും. സണ്ണിന്റെ നീക്കം തടയുകയാണ് ഡി ലിഗ്റ്റിന്റെ ലക്ഷ്യം.
പ്രമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ടോട്ടനം ബേണ്‍ലിയോട് തോറ്റെങ്കിലും കോച്ച് പൊച്ചേറ്റിനോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അയാക്‌സിനെ അട്ടിമറിച്ച് തന്റെ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുമെന്ന് പൊച്ചേറ്റിനോ പറഞ്ഞു.
















