ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പരാതി മൂന്നംഗ അന്വേഷണസമിതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജഡ്ജിമാര്‍.
അന്വേഷണക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് പാനലിന് നല്‍കിയ കത്തിന്റെ യുക്തിയെയും ജഡ്ജിമാര്‍ ചോദ്യം ചെയ്തു.
മെയ് രണ്ടിന് ജസ്റ്റിസ് ചന്ദ്രചൂഡ് അയച്ച കത്തിനെ 22 ജഡ്ജിമാരില്‍ 17 പേരും പിന്തുണയ്‌ക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച കോടതിയുടെ ഉച്ചഭക്ഷണ സമയത്ത്‌നു മുമ്പ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നേരത്തെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നു തെളിഞ്ഞു.
സുപ്രീംകോടതി പാനലിന്റെ അന്വേഷണത്തില്‍ ഒരു സിറ്റിങ് ജഡ്ജിക്ക് എങ്ങനെ ഇടപെടാന്‍ ആകും? വിരമിച്ച ജഡ്ജിമാര്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമടക്കം അനാവശ്യമായി കേസുകളില്‍ ഇടപെടാന്‍ ഇത് അവസരം ഒരുക്കുമെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്നറിയിച്ച് പരാതിക്കാരി കേസില്‍ നിന്ന് പിന്‍മാറിയതിന് രണ്ടു ദിവസത്തിനു ശേഷമാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ പാനലിന് ജസ്റ്റിസ് ചന്ദ്രചൂഢ് കത്തയച്ചത്. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം നടത്തരുതെന്നും പരാതിക്കാരിക്ക് അഭിഭാഷക സഹായം നല്‍കുന്നതില്‍ തെറ്റില്ലെന്നും കാട്ടിയായിരുന്നു കത്ത്. എന്നാല്‍ ഇത് സുപ്രീം കോടതിയിലെ അന്വേഷണ സമ്പ്രദായത്തിന് വിരുദ്ധമാണ്.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവര്‍ കൂടി ഉള്‍പ്പെട്ട അന്വേഷണ സമിതിയാണ് പരാതി തള്ളിയത്.















