കൊച്ചി: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കഴിഞ്ഞ ജൂലായ് മാസത്തില്‍ നിര്‍മ്മാണകരാര്‍ ചെയ്ത ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. കടലാക്രമണ ഭീഷണി ശക്തമായ ചെല്ലാനത്ത് കരിങ്കല്‍ ഭിത്തിക്ക് പകരമായാണ് ഭിത്തികള്‍ ഇല്ലാത്തിടങ്ങളില്‍ ജിയോട്യൂബ് കടല്‍ഭിത്തി നിര്മിക്കാന്ധാരണയായത്. ഇതിനായി സര്‍ക്കാര്‍ എട്ട്കോടി അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ജിയോ ട്യൂബ് ഭിത്തികള്‍ സ്ഥാപിക്കുന്ന കരാറുകാരന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെല്ലാനത്തെ വേളാങ്കണ്ണി, ചെറിയകടവ്, വാച്ചാക്കല്‍, കമ്പിനിപ്പടി ,ബസ്സാര്‍ കടപ്പുറങ്ങളിലാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്മാണംനിശ്ചയിച്ചത്. അഞ്ചിടങ്ങളിലുമായി 1200 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് കടല്‍ഭിത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
കരാര്‍ വഴി തിരിച്ചെന്ന് ആക്ഷേപം
ജിയോ കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി ഇ- ടെണ്ടര്‍ വഴിയാണ് കടല്‍ഭിത്തി നിര്‍മ്മാണത്തിന് കരാര്‍ സ്വീകരിച്ചത്. മലപ്പുറം സ്വദേശിയാണ് കരാര്‍ എടുത്തതെങ്കിലും നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പായി കരാറെടുത്ത മലപ്പുറം സ്വദേശി നിയാസ് എന്നയാള്‍ സമീര്‍ എന്നയാള്‍ക്ക് കരാര്മാറ്റി നല്കി. സമീര്‍ ദല്‍ഹി കേന്ദ്രീകരിച്ചുള്ള കമ്പിനിക്ക് കരാര്‍ മറിച്ചുനല്‍കി.
ണ്ടര്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള ഈ കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞഭാവം നടിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ തലത്തില്‍ കടല്‍ ഭിത്തി നിര്‍മാണത്തിനായി മൂന്ന് ഉദ്ഘാടനങ്ങളാണ് സംഘടിപ്പിച്ചത്. ജനുവരിയില്‍തന്നെ കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചുവെങ്കിലും ട്യൂബ് നിറക്കാനായി ആവശ്യത്തിന് മണ്ണ് കടലില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ത്തി കരാറുകാരന് പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ കടലില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ കരാറുകാരന് ഉപയോഗിച്ചത് ശേഷി കുറഞ്ഞ ഡ്രഡ്ജറായിരുന്നുവെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു.
സബ്ബ് കളക്ടര്‍ ചെല്ലാനം സന്ദര്‍ശിച്ചു
സബ്ബ് കളക്ടര്‍ ചെല്ലാനം തീരത്ത് സന്ദര്‍ശനംനടത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തെക്കുറിച്ച് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സബ്ബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍സിങ് തീരത്ത് സന്ദര്‍ശനം നടത്തി. തീരസംരക്ഷണ സമിതി നേതാക്കളുമായും, പ്രദേശ വാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം ഇവിടെയെത്തിയത്. ജിയോ ട്യൂബ് നിര്‍മാണജോലികള്‍ ചെല്ലാനം സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്അറിയിച്ചു. കാലവര്‍ഷത്തിന് മുമ്പ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ജിയോ ട്യൂബ് കടല്‍ഭിത്തി …?
പോളി പോപ്പിലിന്‍ ഉപയോഗിച്ചാണ് നിര്‍മാണം. നമ്പര്‍ സ്റ്റോണുകളുടെ ലഭ്യതക്കുറവുമൂലം തീര സംരക്ഷണത്തിനായി കല്ലുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തിക്കു പകരമായി ഉപയോഗിച്ചു വരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ചോ അനുയോജ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചോ ഇതില്‍ മണല്‍ നിറക്കാം.
യൂറോപ്പിലും ഗള്‍ഫ് നാടുകളിലും ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ ആലപ്പുഴ തോട്ടപ്പള്ളിയിലും, കൊച്ചി എല്‍എന്‍ജി ടെര്‍മിനലിലും ജിയോട്യൂബ് കടല്‍ഭിത്തികള്‍ സ്ഥാപിച്ച് വിജയം കണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: