പെരിയ (കാസര്‍കോട്): പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകക്കേസില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയെയും സിപിഎം നേതാക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ബി.എം. പ്രദീപ്, സിഐ അബ്ദുല്‍ റഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കെ. കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ ഉദുമ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി. മുസ്തഫ തുടങ്ങിയ നേതാക്കളെയാണ് രഹസ്യ കേന്ദ്രത്തിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്.
ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസുകാരായ ശരത്‌ലാലിനെയും കൃപേഷിനെയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു സംഭവമെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്റെ പേര് പരാമര്‍ശിച്ചിരുന്നു.
കൊലപാതക ശേഷം കല്ല്യോട്ട് നിന്ന് രക്ഷപ്പെട്ട പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കുന്നതിന് മണികണ്ഠന്‍ സഹായിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് വിവരം. കൊലപാതകം നടന്ന കല്ല്യോട്ട് താന്‍ സെക്രട്ടറിയായുള്ള ഉദുമ ഏരിയാ കമ്മിറ്റിയുടെ പരിധിയിലല്ലെന്നും കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയെന്നാണ് സൂചന. കൊലപാകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം പൊതുയോഗത്തില്‍ വി.പി.പി. മുസ്തഫ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു. കെ. കുഞ്ഞിരാമന്റെ അടുത്ത അനുയായിയായ സിഐടിയുക്കാരനെ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. ഒന്നാംപ്രതി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍, പെയിന്റിങ് തൊഴിലാളി രഞ്ജിത്ത്, തന്നിത്തോട്ടെ മുരളി, ഗിജിന്‍, അശ്വിന്‍, പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി ജോര്‍ജ്, കെ.എം. സുരേശ്, ആര്‍. ശ്രീരാഗ്, കെ. അനില്‍കുമാര്‍, സിഐടിയുക്കാരന്‍ മണി, കല്ല്യോട്ടെ തന്നിത്തോട്ടെ പ്രദീപ് എന്ന കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മണിക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചു.
കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിന് നേരെ ബോംബേറ്
പെരിയ (കാസര്‍കോട്): കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിനു നേരെ ബോംബേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് സ്റ്റീല്‍ ബോംബേറുണ്ടായത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















