ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക്് തുരത്തി ചെല്‍സി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. റൂബന്‍ ലോഫ്ടസ്, ഡേവിഡ് ലൂയിസ്, ഗോണ്‍സാലോ ഹിഗ്വയിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ ചെല്‍സി ടോട്ടനത്തെ പിന്തള്ളി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. ചെല്‍സിക്ക് 37 മത്സരങ്ങളില്‍ 71 പോയിന്റുണ്ട്.
നിര്‍ണായക മത്സരത്തില്‍ ടോട്ടനം മടക്കമില്ലാത്ത ഒരു ഗോളിന് ബേണ്‍മൗത്തിനോട്് തോറ്റതിനെ തുടര്‍ന്നാണ് ചെല്‍സിക്ക് മുന്നാം സ്ഥാനത്തെത്താന്‍ അവസരം കൈവന്നത്. ടോട്ടനം 37 മത്സരങ്ങളില്‍ 70 പോയിന്റുമായി നാലാം സ്ഥാനത്താണ്.
അവസാന ലീഗ് മത്സരത്തില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ചാല്‍ ചെല്‍സിക്ക് ആദ്യ നാലു സ്ഥാനക്കാരില്‍ ഒന്നായി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാം. പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനം നേടുന്ന ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുക.
മൗറീസോ സാരിയുടെ ചെല്‍സിക്ക് വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ മികവ് കാട്ടാനായില്ല. പക്ഷെ രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ചു. മൂന്ന്് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വാറ്റ്‌ഫോര്‍ഡിന്റെ വലയില്‍ അടിച്ചുകയറ്റി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. 48-ാം മിനിറ്റില്‍ ലോഫ്റ്റസും 51-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസും സ്‌കോര്‍ ചെയ്തു. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റുള്ളപ്പോള്‍ ഹിഗ്വയിന്‍ മൂന്നാം ഗോളും നേടി ടീമിന് വിജയം സമ്മാനിച്ചു.
















