വിഗോ: ലാലിഗയില്‍ കിരീടം ഉറപ്പിച്ച ബാഴ്‌സലോണയ്‌ക്ക് തോല്‍വി. സെല്‍റ്റാ വിഗോയോട് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. കഴിഞ്ഞ നവംബറിന് ശേഷം ലീഗില്‍ ബാഴ്‌സയുടെ ആദ്യ തോല്‍വിയാണിത്.
ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിച്ച ടീമില്‍ മുഴുവന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ബാഴ്‌സ സെല്‍റ്റയെ നേരിടാനെത്തിയത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരടക്കം പല പ്രമുഖരും മത്സരത്തിനിറങ്ങിയില്ല. ഫ്രഞ്ച് താരം ഉസ്മാന്‍ ഡിബാലയെ മുന്നില്‍നിര്‍ത്തിയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. എന്നാല്‍ കളി തുടങ്ങി ആറാം മിനിറ്റില്‍തന്നെ താരം പരിക്കിന്റെ പിടിയിലായി. മുന്‍നിര താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ബാഴ്‌സ ആദ്യ പകുതി സമനിലയില്‍ പിടിച്ചെങ്കിലും 67-ാം മിനിറ്റില്‍ ഉറുഗ്വെയ്ന്‍ മുന്നേറ്റതാരം മാക്‌സി ഗോമസിലൂടെ വിഗോ ആദ്യ ലീഡ് നേടി. പ്രതിരോധതാരം സാമുവല്‍ ഉമ്മിട്ടിയുടെ പിഴവില്‍നിന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍. നായകന്‍ ലാഗോ അസ്പാസ് അനായാസം പെനല്‍റ്റി വലയിലെത്തിച്ചു.
പതിനൊന്ന് സീസണിനിടെ എട്ടാം കിരീടം നേടിയ ബാഴ്‌സയെ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയാണ് സെല്‍റ്റാ വിഗോ സ്വന്തം മണ്ണില്‍ സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നൗ കാമ്പില്‍ എതിരില്ലാത്ത ഒരു ഗോളിന് ലെവന്റയെ കീഴടക്കിയാണ് മെസിയും സംഘവും കിരീടം ഉറപ്പിച്ചത്. ഡിബാലെയുടെ വലം കാലിന് പരിക്കേറ്റിട്ടുണ്ടെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ഡെ പറഞ്ഞു. ഡിബാലെയുടെ പരിക്ക് ലിവര്‍പൂളിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ബാഴ്‌സയ്‌ക്ക് തിരിച്ചടിയാകും.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എസ്പാനിയോളിനോട് തോറ്റു. ബോര്‍ജാ ഇഗ്ലേഷിയാസിന്റെ ഇരട്ട ഗോള്‍ മികവിലാണ് എസ്പാനിയോള്‍ ജയിച്ചു കയറിയത്. ഡീഗോ ഗോഡിന്‍ (45) നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍തന്നെ എസ്പാനിയോള്‍ മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ഇഗ്ലേഷിയാസിന്റെ (52, 89) ഗോളുകള്‍. നിലവില്‍ 36 മത്സരങ്ങളില്‍നിന്ന് ബാഴ്‌സക്ക് 83 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 36 കളികളില്‍ 74 പോയിന്റാണുള്ളത്.
















