നൗകാമ്പ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ-ലിവര്‍പൂള്‍ ക്ലാസിക് പോരാട്ടം. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ പ്രീമിയര്‍ ലീഗ് കിരീടം തേടുന്ന ലിവര്‍പൂളിനെ സ്വന്തം തട്ടകമായ നൗകാമ്പില്‍ രാത്രി 12:30ന് നേരിടും. സ്പാനിഷ്-പ്രീമിയര്‍ ലീഗ് ടീമുകള്‍ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്.
മെസിയെന്ന ഇതിഹാസവും സൂപ്പര്‍താര പദവിയിലേക്ക് പടിചവിട്ടുന്ന ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്. രണ്ട് ദിവസം മുമ്പ് സ്പാനിഷ് ലീഗ് കിരീടത്തില്‍ മുത്തമിട്ട ബാഴ്‌സ ആത്മവിശ്വാസത്തില്‍ ഒട്ടും പിന്നിലല്ല. വമ്പന്‍ പോരാട്ടങ്ങള്‍ നിരവധി കണ്ട നൗകാമ്പില്‍ ഒരു ലക്ഷത്തോളം കാണികള്‍ ബാഴ്‌സാ ഗാനം പാടാന്‍ ഒഴുകിയെത്തും. മെസി, സുവാരസ്, കുടീഞ്ഞോ താരനിര പ്രതിഭക്കൊത്തുയര്‍ന്നാല്‍ ആദ്യപാദ സെമിയില്‍ ബാഴ്‌സക്ക് മുന്‍തൂക്കം നേടാം. നൗകാമ്പില്‍ അത്ര സുഖമുള്ള ചരിത്രമല്ല ഇംഗ്ലീഷ് ക്ലബുകള്‍ക്ക് പറയാനുള്ളത്. ഇതിനുമുമ്പ് 41 തവണ ഇംഗ്ലീഷ് ക്ലബുകള്‍ നൗകാമ്പില്‍ എത്തിയപ്പോള്‍ രണ്ടു തവണ മാത്രമാണ് വിജയത്തോടെ മടങ്ങാനായത്. നേടിയ രണ്ടു വിജയവും ലിവര്‍പൂളിന്റെ വകയായിരുന്നു എന്നത് മറ്റൊരു ചരിത്രം. 1976-ല്‍ ആയിരുന്നു ആദ്യ പോരാട്ടം. പിന്നീട് 2007-ല്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോഴും വിജയം ലിവര്‍പൂളിനൊപ്പം നിന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അന്ന് ബാഴ്‌സ അടിയറവ് പറഞ്ഞത്. ഈ കണക്കിലാണ്് ലിവര്‍പൂളിന്റെ പ്രതീക്ഷ. എന്നാല്‍ കിരീട നേട്ടത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ബാഴ്‌സയും ലിവര്‍പൂളും അഞ്ച് തവണ വീതം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ കിരീട നേട്ടം ആധികാരികമായിരുന്നു. സീസണിലുടനീളം പോയിന്റ് പട്ടികയില്‍ മുന്നില്‍നിന്ന ബാഴ്‌സ ശനിയാഴ്ച ലെവന്തെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കപ്പടിച്ചത്. ഏതു പ്രതിരോധത്തെയും കീറിമുറിക്കാന്‍ കെല്‍പ്പുള്ള മെസിയുടെ കാലുകളിലാകും ടീമിന്റെ പ്രതീക്ഷ. സുവാരസ്, കുടീഞ്ഞോ, ഡിബാലെ എന്നീ മുന്നേറ്റ താരങ്ങള്‍ മെസിക്കൊപ്പം നില്‍ക്കും. ക്രോയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റിച്ച് മധ്യനിരയെ കൂട്ടിയിണക്കും. ആര്‍തര്‍, അര്‍ടുറോ വിദാല്‍, കാള്‍സ് അലേന എന്നിവര്‍ റാക്കിറ്റിച്ചിനൊപ്പം കളിമെനയും. കൊളമ്പിയന്‍ താരം ജെയ്‌സണ്‍ മുറിലോയും ഫ്രഞ്ച് താരം ക്ലിമെന്റ് ലംഗ്ലറ്റും പ്രതിരാധ കോട്ടകാക്കും. ഡച്ച് താരം ജാസ്പര്‍ സിലിസനായിരിക്കും ബാഴ്‌സയുടെ വല കാക്കാനുള്ള നിയോഗം.
മറുവശത്ത് പ്രീമിയര്‍ ലീഗില്‍ കിരീടം നോട്ടമിട്ട് കറങ്ങുകയാണ് ലിവര്‍പൂള്‍. സിറ്റിയുമായി കടുത്ത പോരാട്ടം നടത്തുന്ന ലിവര്‍പൂളിന് അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവരും. എവേ മത്സരത്തില്‍ ഗോള്‍ നേടിയാല്‍പ്പോലും ടീമിന് ആശ്വസിക്കാം. ആക്രമണമാണ് ലിവര്‍പൂളിന്റെ കരുത്ത്. മുഹമ്മദ് സല, സാദിയോ മാനെ, ഡിവോക് ഒറിജി, എന്നീ മുന്നേറ്റ താരങ്ങള്‍ ലിവര്‍പൂളിനായി കളത്തിലിറങ്ങും. പരിക്ക് മൂലം റോബെര്‍ട്ടോ ഫെര്‍മിനോ ഇന്ന് കളിക്കാനിടയില്ല. ബ്രസീലിയന്‍ താരം ഫാബിനോ, നബി കീറ്റാ എന്നിവരുടെ കളി മികവ് ലിവര്‍പൂളിന് നിര്‍ണായകമാകും.
















