ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-ദല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ചെന്നൈയുടെ തട്ടകത്തില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരു ടീമും നേരത്തെ ദല്‍ഹിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള രണ്ട് ടീമിനും ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഒന്നാം സ്ഥാനം ഏകദേശം ഉറപ്പിക്കാം.
പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പതിനാറു പോയിന്റ് നേടിയ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 46 റണ്‍സിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ. ബാറ്റ്‌സ്മാന്മാര്‍ അമ്പേ പരാജയപ്പെട്ടതാണ് കഴിഞ്ഞ മത്സരത്തില്‍ ടീമിന് വിനയായത്. പരിക്കു മൂലം കളിക്കാതിരുന്ന നായകന്‍ എം.എസ്. ധോണി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ടീമിലേക്ക് തിരികെ എത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഡുപ്ലെസിസിന് പകരക്കാരനായി ടീമിലെത്തിയ മുരളി വിജയ് മികച്ച പ്രകടനം നടത്തിയിരുന്നു.
മധ്യനിരയില്‍ ഇതുവരെ റണ്‍സ് കണ്ടെത്താത്ത അമ്പാട്ടി റായ്ഡുവിന് പകരം മുരളി വിജയിയെ പരിഗണിച്ചേക്കും. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. ധോണി തിരിച്ചെത്തുന്നതോടെ മധ്യനിര കൂടുതല്‍ ശക്തിപ്പെടും.
ബൗളര്‍മാരിലാണ് ടീമിന്റെ പ്രതീക്ഷ. സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ടീമിലെത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ നാലോവറില്‍ പതിമൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ചെന്നൈയിലെ കറങ്ങുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ ഫോം തുടര്‍ന്നാല്‍ ടീമിന് വിജയിക്കാം.
മറുവശത്ത് കഴിഞ്ഞ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ദല്‍ഹിയുടെ വരവ്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ പതിനാറു റണ്‍സിന് കീഴടക്കി. പോയിന്റ് പട്ടികയില്‍ പന്ത്രണ്ട് മത്സരങ്ങളില്‍നിന്ന് പതിനാറ് പോയിന്റോടെ ചെന്നൈക്ക് മുന്നില്‍ ഒന്നാം സ്ഥാനത്താണ് ദല്‍ഹി. മികച്ച ഫോമിലുള്ള ദല്‍ഹി ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മുതിര്‍ന്ന താരമായ ധവാന്‍ ലീഗിലെ റണ്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നിലുണ്ട്. നായകന്‍ ശ്രേയസ് അയ്യര്‍ സ്ഥിരതയോടെ ബാറ്റു വീശുന്നതും ടീമിന് ഗുണമാകും. കഗീസോ റബഡ, ഇഷാന്ത് ശര്‍മ ബൗളിങ്ങ് സഖ്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്. അമിത് മിശ്രയുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയും പൊരുതാന്‍ പോന്നവ.
















