ബാങ്കോക്ക്: ഇന്ത്യയുടെ അമിത് പങ്കലും പൂജാ റാണിയും ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് സ്വര്‍ണ്ണമണിഞ്ഞത്. ഫൈനലില്‍ കൊറിയയുടെ കിം ഇന്‍യുവിനെ പരാജയപ്പെടുത്തി. പൂജാ റാണി 81 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ ചൈനയുടെ നിലവിലെ ലോകചാമ്പ്യന്‍ വാങ് ലിനയെ തോല്‍്പ്പിച്ചു.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൊത്തം പതിമൂന്ന് മെഡല്‍ ലഭിച്ചു. രണ്ട് സ്വര്‍ണ്ണത്തിന് പുറമെ നാലു വെള്ളിയും ഏഴു വെങ്കലവും നേടി.
അമിത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് രാജ്യാന്തര മത്സരത്തില്‍ സ്വര്‍ണം നേടുന്നത്. ഫെബ്രുവരിയില്‍ ബള്‍ഗേറിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അമിത് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ അമിത് സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
52 കിലോഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് അമിത് രാജ്യാന്തര മത്സരത്തില്‍ സ്വര്‍ണം നേടുന്നത്. നേരത്തെ 49 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്. 2015ല്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് വെങ്കലം നേടിയിരുന്നു.
ദേശീയ ചാമ്പ്യന്‍ ദീപക് സിങ്ങും കവീന്ദര്‍ സിങ് ബിഷ്ത്തും വെള്ളിമെഡല്‍ കരസ്ഥമാക്കി. ഇരുവരും ഫൈനല്‍ മത്സരങ്ങളില്‍ തോറ്റു. 49 കിലോഗ്രാമിന്റെ ഫൈനലില്‍ ദീപക് ഉസ്ബകിസ്ഥാന്റെ നോഡിറോണിനോട് തോറ്റു. കവീന്ദര്‍ ബിഷ്ത്തിനെ ഉസ്ബകിസ്ഥാന്റെ മിറാസിബെക്ക് തോല്‍പ്പിച്ചു.
















