തൃശൂര്‍: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകര്‍ക്ക് ചരിത്രത്താളുകളില്‍ പോലും ഇടം കൊടുക്കാതെ പടിക്കു പുറത്താക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കിന്റെ തെളിവാണെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. നാലാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൈക്കാട് അയ്യാ വൈകുണ്ഠ സ്വാമികളില്‍ നിന്നാരംഭിക്കുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഹിന്ദുമത നവീകരണമായിരുന്നു. അതിനായിരുന്നു ആത്മവിദ്യ, ബ്രഹ്മവിദ്യ എന്നിങ്ങനെയുള്ള നാമങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കൂട്ടായ്‌മകള്‍ രൂപം കൊണ്ടത്. സോഷ്യലിസം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയത് അയ്യാ വൈകുണ്ഠ സ്വാമികളാണെന്നും സമത്വ സമാജവും സമപന്തി ഭോജനവുമെല്ലാം സാമൂഹ്യ സമത്വത്തിലേക്കുള്ള ചവിട്ടു പടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ അവതരിപ്പിച്ച ഇഎംഎസ് അതിലൊരിടത്തുപോലും മഹാത്മാ അയ്യങ്കാളിയുടെ പേരുപോലും പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമായ അവഗണനയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദൈവവ്യപാശ്രയ ചികിത്സ എന്ന വിഷയത്തില്‍ വൈദ്യരത്‌നം ആയുര്‍വ്വേദ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ. പി.കെ. ധര്‍മ്മപാലന്‍ പ്രഭാഷണം നടത്തി. ക്ഷേത്രങ്ങള്‍ ശാസ്ത്രീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ കുടുംബത്തിന്റെ ഐശ്വര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രിയംവദ ഷണ്മുഖാനന്ദന്‍ ഭാരതത്തിന്റെ സങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്ന് പ്രസ്താവിച്ചു. അതുകൊണ്ട് ഇന്നു കേള്‍ക്കുന്ന സ്ത്രീസമത്വത്തേക്കാള്‍ ഭാരതീയ കാഴ്‌ച്ചപ്പാടിലുള്ള സ്ത്രീ സങ്കല്‍പ്പമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.
ധര്‍മ്മസംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍ പ്രഭാഷണം നടത്തി. ആചാരങ്ങളും പൈതൃകവും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ ഗതിയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സദാചാരം-അനാചാരം- ദുരാചാരം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ട്രസ്റ്റി ഡോ. എല്‍. ഗിരീഷ് വിഷയാവതരണം നടത്തി.
രാവിലെ ഗോപൂജയോടെ ആരംഭിച്ച രണ്ടാം ദിവസത്തെ സമ്മേളനം വൈകീട്ട് മന്ദാരക്കടവിലെ നദീപൂജയ്‌ക്ക് ശേഷം മംഗളാരതിയോടെ സമാപിച്ചു. നാലാമത് ഹിന്ദുമഹാസമ്മേളം ഇന്ന് വൈകീട്ട് സമാപിക്കും.
















