കൊച്ചി:എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്തുണയ്‌ക്കുമെന്ന് നാഷണല്‍ സെക്കുലര്‍ ഫ്രണ്ട് (എന്‍എസ്എഫ് ).
പ്രത്യേക സ്‌ക്വാഡ് കണ്ണന്താനത്തിനുവേണ്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായും എന്‍എസ്എഫ് ദേശീയ ചെയര്‍മാന്‍ എ.പി. ഇബ്രാഹിം, കോ-ഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ മനാഫ് മൗലവി, എന്‍.എ. അബ്ദുല്‍കരീം സാഹിബ്, ജിഫ്രി ജലീല്‍, പ്രദീപ് പാലിയത്ത് തുടങ്ങിയവര്‍ അറിയിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഉറച്ച ഭരണം നടത്താന്‍ മോദിക്ക് മാത്രമേ കഴിയൂവെന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിലൂടെ വ്യക്തമായെന്നും കണ്ണന്താനം ഭരണപാടവം തെളിയിച്ച വ്യക്തിയാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ പിന്തുണയേറുന്നതിലൂടെ ബിജെപി മുന്നണി അതിശക്തമായെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. കെ. മോഹന്‍ദാസ് പ്രതികരിച്ചു. ധീവര മഹാസഭയുടെ ഡിഎല്‍പിക്ക് പിന്നാലെയാണ് എന്‍എസ്എഫും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഡിജെഎസ്, ജനപക്ഷം, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് -പി സി തോമസ്, ലോക് ജനശക്തി പാര്‍ട്ടി, ശിവസേന എന്നീ സഖ്യകക്ഷികളും നടത്തുന്ന ഊര്‍ജ്ജിതമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കണ്ണന്താനത്തിന് വലിയ സാധ്യത ഒരുക്കിയതായി മോഹന്‍ദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















