കടപ്ലാമറ്റം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി.തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനും പ്രാസംഗികനും നേരെ സിപിഎം പ്രവര്‍ത്തകന്റ ആക്രമണം. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ വയലാ സ്‌കൂള്‍ ജങ്ഷന് സമീപമാണ് സംഭവം. മണ്ഡല പര്യടനത്തിന് മുന്നോടിയായി സ്വീകരണ സ്ഥലത്ത് പ്രസംഗിക്കുകയായിരുന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോര്‍ജ്കുട്ടി കണ്ണൂരിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മൈക്ക് സിപിഎം പ്രവര്‍ത്തകന്‍ തട്ടിയെടുത്തെറിഞ്ഞു. സമീപത്തെ പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ പരാതിയില്‍ മരങ്ങാട്ടുപിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള പ്രതിയെ നിരവധി കേസുകളില്‍ നിന്ന് സിപിഎം നേതൃത്വം ഇടപെട്ടാണ് രക്ഷിച്ചെടുത്തത്.
പാര്‍ട്ടിക്കുവേണ്ടി രാഷ്‌ട്രീയ ആക്രമം നടത്തുവാന്‍ ഇയാള്‍ കരുതിക്കൂട്ടിയാണ് സ്വീകരണ സ്ഥലത്ത് എത്തിയത്. മുമ്പ് രാമപുരം സിഐയേയും മരങ്ങാട്ടുപിള്ളി എസ്‌ഐയെയും ആക്രമിച്ച കേസിലെ പ്രതിയാണ്. പ്രചാരണത്തിന് നേരെ ഉണ്ടായ അക്രമണത്തില്‍ ദേശീയ ജനാധിപത്യ സഖ്യം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
















