ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരിയായിരുന്നു ഡോ. ഡി. ബാബു പോള്‍. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടന്ന ഐഎഎസുകാരന്. എഴുത്തുകാരന്, പ്രഭാഷകന്‍. അഞ്ച് പതിറ്റാണ്ടിലേറെ ഭരണ-സാമൂഹിക-സാംസ്കാരിക-ആധ്യാത്മിക മണ്ഡലങ്ങളിലെ അര്‍ഥവത്തായ സാന്നിധ്യമായിരുന്നു ബാബു പോള്‍.
1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ചിരോത്തോട്ടം പൗലോസ് കോറെപ്പിസ്ക്കോപ്പയുടെ മകനായി ജനനം. 1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ അവിടെ കളക്ടറായിരുന്ന ബാബു പോള്‍ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായിരുന്നു
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന് പുരസ്കാരം ഏര്‍പ്പെടുത്തിയത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ഇരുപത്തൊന്നാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59-ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്മാന് സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഉദ്യോഗത്തോടു വിടപറഞ്ഞു, കിഫ്ബി ഭരണസമിതി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ബാബുപോള്‍ എഴുതിയ വേദശബ്ദരത്നാകരം എന്ന ഗ്രന്ഥത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഉത്തരസ്യാം ദിശി, കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ, നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: