ന്യൂദല്‍ഹി : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. കെ. രാഘവനെതിരെയുള്ള അഴിമതി ആരോപണം പുറത്തുവിട്ട ചാനല്‍ സംഘത്തിന്റെ മൊഴി എടുത്തു. കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ദല്‍ഹിയിലെ ടീവി 9 ഭാരത് വര്‍ഷ ചാനലിന്റെ ഓഫീസില്‍ എത്തിയാണ് മൊഴി രേഖപ്പെടുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. വീഡിയോയില്‍ തന്റെ ശബ്ദം ഡബ്ബ് ചെയ്തു കയറ്റിയതാണെന്ന് രാഘവന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുന്നത്.
കോഴിക്കോട്ട് വ്യവസായ സംരംഭത്തിനെന്ന പേരില്‍ 15 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ് ചാനല്‍ സംഘം രാഘവനെ സമീപിക്കുന്നത്. ഇതിനുള്ള കമ്മീഷനായി അഞ്ച് കോടി രൂപ നല്‍കാമെന്നും ചാനല്‍ സംഘം വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട സംഭാഷണവും ദൃശ്യങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തിയ സംഘം വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമാവുകയും, തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
കോഴിക്കോട് എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എം.കെ. രാഘവന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് ആരോപിച്ച് എം.കെ. രാഘവനും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: