തിരുവനന്തപുരം: സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിലൂടെ സർക്കാർ ഭക്തരെ അപമാനിച്ചുവെന്ന് സ്വാമി ചിദാനന്ദപുരി. ശബരിമലയിൽ സർക്കർ നടത്തിയ കിരാത നടപടികൾ ഹിന്ദു സമൂഹം ഒരിക്കലും മറക്കില്ല. വിശ്വാസം സംരക്ഷിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ ഓരോരുത്തർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കർമസമിതിക്ക് തെരഞ്ഞെടുപ്പ് ചട്ടം ബാധകമല്ല. കർമസമിതി രാഷ്‌ട്രീയ പാർട്ടിയോ പ്രസ്ഥാനമോ അല്ല. ശബരിമല ജനങ്ങളെ ഓർമ്മപ്പെടുത്തും. അതിനാണ് ധർണയെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ വ്രണപ്പെടുത്തുന്ന സർക്കാർ നടപടി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ശബരിമല കർമസമിതി നടത്തുന്ന നാമജപ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്താനുള്ള ശ്രമവുമായി മുന്നോട്ട് പോയാൽ ചെറുക്കുമെന്ന് കെ.പി ശശികല ടീച്ചറും വ്യക്തമാക്കി. അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ക്കെതിരെയാണ് യജ്ഞം. സന്യാസിവാര്യന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും നാമ ജപത്തിൽ പങ്കെടുക്കുന്നു. എന്നാൽ കർമസമിതിക്കെതിരെ ഇലക്ഷൻ കമ്മിഷനിൽ പരാതി നൽകുമെന്ന് ഇടതുമുന്നണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: