കോഴിക്കോട്: ജനസാഗരത്തിന്റെ ആവേശത്തിമിര്‍പ്പിന് സാക്ഷിയായി കോഴിക്കോട് കടപ്പുറം. കോഴിക്കോട് കടല്‍ത്തീരം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കല്‍പ്പ് റാലിയില്‍ അണിനിരന്നത്. കടുത്ത വെയിലിനെയും മണല്‍പ്പരപ്പിലെ ചൂടിനെയും അവഗണിച്ച് മണിക്കൂറുകള്‍ക്ക് മുമ്പേ കടലോരത്ത് പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും വന്‍ സാന്നിധ്യമാണ് റാലിയെ ശ്രദ്ധേയമാക്കിയത്. കോഴിക്കോട്, മലപ്പുറം, വടകര ലോക്സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകരാണ് ഇന്നലെ നടന്ന വിജയ് സങ്കല്പ്പ റാലിയില്‍ പങ്കെടുത്തത്.
വാദ്യമേളങ്ങള്‍, ഹരിത കുങ്കുമ പതാകകള്‍, നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച വര്‍ണബലൂണുകള്‍ എന്നിവയോടെയായിരുന്നു ജനസഞ്ചയത്തിന്റെ ആവേശത്തിമിര്‍പ്പ്. സംഘാടകരുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു കടലോരത്തേക്കുള്ള എല്ലാ വഴികളും നിറഞ്ഞു കവിഞ്ഞത്.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജനലക്ഷങ്ങള്‍ മൊബൈല്‍ വെളിച്ചം തെളിച്ചതോടെ കടലോരം ആകാശത്തെ നക്ഷത്രജാലത്തിന് തുല്യമായി. അഡ്വ. പ്രകാശ്ബാബു, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ വരവിനെ ഹര്‍ഷാരവത്തോടെയാണ് ജനസഞ്ചയം എതിരേറ്റത്. വിശ്വാസസംരക്ഷണത്തിനൊപ്പം നിലകൊള്ളുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കടലിരമ്പത്തെ മറികടന്ന കരഘോഷത്തോടെ ജനക്കൂട്ടം സ്വാഗതം ചെയ്തു.
സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംഘാടക സമിതിക്കുവേണ്ടി ചേറ്റൂര്‍ ബാലകൃഷ്ണന്, ടി.പി. ജയചന്ദ്രന്, എന്‍ഡിഎ ക്ക് വേണ്ടി ഗിരിപാമ്പനാല്‍, മാത്യു പേഴത്തിങ്കല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ ഹാരമണിയിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് പുഷ്പകിരീടമണിയിച്ചു. ഇടത് വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ശേഷമാണ് ഇന്നലെ എന്‍ഡിഎയുടെ വിജയ് സങ്കല്‍പ്പ് റാലി നടന്നത്. കേരളത്തില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ മാറ്റം വടക്കന്‍ കേരളത്തെയും ആവേശിച്ചു എന്നതിന്റെ വിരാട് ദൃശ്യമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: