പത്തനാപുരം: പട്ടാഴിയമ്മയുടെ പൊന്നിന് തിരുമുടി ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സായൂജ്യം നേടി. രാവിലെ നാലമ്പലത്തിനുള്ളിലെ നിത്യനിദാന പ്രഭാതപൂജയ്ക്ക് ശേഷം മൂലസ്ഥാന മേല്‍ശാന്തിയും അറപ്പുരമേല്ശാന്തിയും ചേര്‍ന്ന് ദേവസ്വം അധികാരികളുടെയും സമിതി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ഭണ്ഡാരത്തിനകത്ത് പ്രവേശിച്ച് ഒരു വര്‍ഷം നിസംഗ നിര്‍വൃതിയില്‍ ലയിച്ചിരുന്ന പൊന്നിന്‍മുടി യോഗനിദ്രയില്‍ നിന്നും തൊട്ടുണര്‍ത്തി ശുചീകരണ ക്രിയാംഗങ്ങളിലൂടെ ശക്തി സാന്ദ്രത നല്കി.
തുടര്‍ന്ന് അറപ്പുര ക്ഷേത്രമുന്നില്‍ എത്തിച്ച് ആദ്യം ദേവിയേയും പിന്നെ ഗുരുശാലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാമ്പിത്താനെയും കാണിച്ചു.എട്ടു മണിയോടെ ദര്‍ശനത്തിനായി അലങ്കരിച്ച സപ്രമഞ്ചത്തില്‍ എഴുന്നള്ളിച്ചിരുത്തി.പിന്നീട് തിരുമുടി ദര്‍ശനത്തിനായി ഭക്തരുടെ കിലോമീറ്ററുകള്‍ നീണ്ടനിരയായിരുന്നു. നവരത്നത്തോടുകൂടിയ പൊന്നിന് തിരുമുടി ദേവിയുടെ പ്രതിബിംബം ആണെന്നാണ് സങ്കല്പം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭരണസാരഥ്യം വഹിച്ചിരുന്ന ഇളയിടത്ത് റാണി നടയ്ക്ക് വച്ച പൊന്നിന്ത്തിരുമുടിയാണ് ദേവീഭക്തനായിരുന്ന കാമ്പിത്താന് എന്ന യോഗിയുടെ ജന്മദിനമായ മീനം മാസത്തിലെ തിരുവാതിരനാളില്‍ ദേവസ്വം ഭണ്ഡാരത്തില് നിന്നും പുറത്തെടുത്ത് ദര്‍ശനത്തിനായി അറപ്പുരയുടെ പൂമുഖസ്ഥാനത്ത് എഴുന്നള്ളിച്ച് വയ്ക്കുന്നത്. തുടര്‍ന്ന് രാത്രി 10.30 ഓടെ പൂപ്പന്തലില്‍ തെക്കോട്ട് ദര്‍ശ്ശനത്തിനായി വെച്ച പൊന്നിന് തിരുമുടിക്ക് മുന്നില്‍ ആള്‍പ്പിണ്ടി വിളക്കെടുപ്പ് നടന്നു.
ഭൂതത്താന്‍ നടചുറ്റി മൂലക്ഷേത്രത്തെ വലം വെച്ച് വരിക്കപ്ലാംമൂട് തറയിലെത്തി തിരികെ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു . തുടര്‍ന്ന് രാത്രി 1 മണിയോടെ പൊന്നിന് തിരുമുടി മുന്പില് വലിയ കാണിക്ക ,ആചാര വെടിക്കെട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ 11.30 വരെ ഭക്തജനങ്ങള്‍ക്ക് പൊന്നിന് തിരുമുടി ദര്‍ശനത്തിനുളള സൗകര്യം ക്ഷേത്ര ഉപദേശകസമിതി ഒരിക്കിയട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: