കൊച്ചി: അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രപ്രവര്‍ത്തനം നിയമവിരുദ്ധമായി തടസപ്പെടുത്തുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ക്കെതിരെ ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ നാമജപ ധര്‍ണ നടത്തും. 13 ന് രാവിലെയാണ് നാമജപ പ്രതിഷേധ ധര്‍ണയെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ അറിയിച്ചു. സംന്യാസിമാര്‍, സമുദായ, ഹൈന്ദവ സംഘടനാ നേതാക്കള്‍, അയ്യപ്പഭക്ത സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും.
ആചാരലംഘനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അയ്യപ്പഭക്തര്‍ക്കെതിരെയും, ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയും വന്‍തുകകള്‍ പിഴയടപ്പിച്ചും പീഡിപ്പിക്കുകയാണ്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമരൂപം നല്കാന് 13ന് ഉച്ചയ്ക്ക് കര്‍മസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ചേരുമെന്നും എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: