ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഒടുവില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്കി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ആചാരപ്രകാരം തൃശൂര്‍ പൂരംവെടിക്കെട്ട് നടത്താമെന്നും ക്ഷേത്രങ്ങളിലെ ഒരാചാരവും കോടതി വിലക്കിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് ശന്തനഗൗഡര്‍, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പടക്കങ്ങള്‍ പൂരത്തിന് ഉപയോഗിക്കാനാകും. സമയനിയന്ത്രണത്തിലും കോടതി ഇളവ് നല്കി. പൂരം വെടിക്കെട്ടിന് ഇളവ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ അറിയിച്ചു.
2018 ഒക്ടോബറില്‍ അര്ജുന് ഗോപാല്‍ കേസിലെ സുപ്രീംകോടതി വിധി അനുസരിച്ച് വെടിക്കെട്ടിന് അനുമതി പ്രശ്നമായതോടെയാണ് കോടതിയെ ദേവസ്വങ്ങള്‍ സമീപിച്ചത്. ബേരിയം പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പടക്കങ്ങള്‍ക്കായിരുന്നു വിലക്ക്. എന്നാല്‍ പൂരം വെടിക്കെട്ടിന് തടസ്സമില്ലെന്ന് കോടതി അറിയിച്ചതോടെ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷക ഇനങ്ങളായ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഇത്തവണയും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: