കൊല്ലം: ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്ന് മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വിജയരഹാത്കര്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും അവര്‍ ജന്മഭൂമിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു രാജ്യത്ത് ലിംഗസമത്വം എത്രത്തോളം അനിവാര്യമാണ്?
ലിംഗഭേദമില്ലാതെ എല്ലാവര്ക്കും തുല്യനീതി ലഭിക്കേണ്ടത് മൗലികാവകാശമാണ്. അല്ലാത്തപക്ഷം രാജ്യം അരാജകത്വത്തിലേക്ക് പോകും. സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന കാഴ്ചപ്പാടിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നീങ്ങുന്നത്. മന്ത്രിസഭയിലടക്കം സ്ത്രീസാന്നിധ്യം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ശബരിമലയില്‍ ലിംഗവിവേചനമുണ്ടോ?
സര്‍ക്കാര്‍ ഒത്താശയില്‍ ശബരിമലയില്‍ നടന്നത് തികച്ചും ഖേദകരമായ സംഭവങ്ങളാണ്. ഇതിന് ലിംഗസമത്വത്തിന്റെ വ്യാഖ്യാനം നല്‍കുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള വിവേചനമുണ്ടെന്ന് വിശ്വസിക്കുന്നില്ല. നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്. ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്?
ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കേരളത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് യാതൊരും പരിഹാരവുമുണ്ടാകുന്നില്ല. ദേശീയ ശരാശരിയില്‍ തന്നെ സ്ത്രീകളോടുള്ള അതിക്രമത്തില്‍ കേരളം മുന്നിലാണ്. ഇതില്‍ മാറ്റമുണ്ടാകണം. ഭയമില്ലാതെ പുറത്തിറങ്ങാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന അന്തരീക്ഷമാണ് ആദ്യ നവോത്ഥാനം. അത് കേരളത്തിലുണ്ടാകണം.
ഫെമിനിസത്തെപറ്റിയുള്ള കാഴ്ചപ്പാട്
സ്ത്രീ ശാക്തീകരണമാണ് എന്റെ കാഴ്ചപ്പാടിലുള്ള ഫെമിനിസം. ഇന്ത്യന്‍ ദേശീയത എക്കാലത്തും സ്ത്രീത്വത്തിന് മുഖ്യപ്രാധാന്യം നല്‍കിയതാണ്. നാരികളെ പൂജിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. എന്നാല്‍, പില്ക്കാലത്ത് കടന്നുവന്ന ചില വൈദേശിക ചിന്താധാരകള്‍ ഫെമിനിസത്തെ തെറ്റായ വ്യാഖ്യാനത്തിലേക്ക് എത്തിച്ചു.
കേന്ദ്ര പദ്ധതികള്‍ എത്രത്തോളം ഗുണം ചെയ്യുന്നു?
ബേട്ടി ബചാവോ-ബേട്ടീ പഠാവോ, ഉജ്ജ്വല്‍ യോജന, സുകന്യ, സമൃദ്ധി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വിഭാവനം ചെയ്തതാണ്. രാജ്യത്ത് കോടിക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മിച്ചു. വിദ്യാഭ്യാസം ഉറപ്പാക്കി. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്തി. അങ്ങനെ ജനകീയ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
തെരഞ്ഞെടുപ്പിനെക്കുറിച്ച്
നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന് വേണ്ടി കാത്തിരിക്കുകയാണ് ജനം. രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് മാത്രമേ സാധിക്കൂ. പ്രചാരണത്തിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ ഭാഗത്തുനിന്നും സമാനമായ ആവശ്യം ഉയരുകയാണ്. കേരളത്തിലടക്കം ആവേശകരമായ മുന്നേറ്റം ബിജെപി ഉണ്ടാക്കും. ഇടത് ശക്തികേന്ദ്രമായ ത്രിപുരയില്‍ ചരിത്രം തിരുത്താന്‍ ബിജെപിക്ക് സാധിച്ചുവെങ്കില്‍ കേരളം ബാലികേറാമലയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: