കൊച്ചി: എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനു വീട്ടമ്മമാരുടെ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും. പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് വീട്ടമ്മമാര്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയത്. ഉത്സവാഘോഷം നടക്കുന്ന ക്ഷേത്രത്തില്‍ തൃക്കാക്കര നിയോജക മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതാണ് കണ്ണന്താനം.
സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയുമാണ് ഈശ്വരേച്ഛാനുസാരിയായ മനുഷ്യധര്‍മ്മമെന്ന് വിശ്വസിക്കുന്നതായി നേരത്തെ വിശ്വാസിസമൂഹത്തെ സംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം ഊണും കഴിച്ചശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.
തൃക്കാക്കര മണ്ഡലത്തിലെ കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം കാക്കനാട് ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. സജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ലാല്ചന്ദ്ബി, ജനറല്‍ സെക്രട്ടറിമാരായ നന്ദകുമാര്‍, കെ.എന്‍. രാജന്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയന് എന്നിവര്‍ സംസാരിച്ചു.
ആവശ്യങ്ങള്‍ക്കും തനത് സാഹചര്യങ്ങള്ക്കുമാനുസൃതം തൃക്കാക്കര മണ്ഡലത്തിന്റെ സമഗ്ര വികസനം നടപ്പാക്കുമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. അതിനായി ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചു കൊണ്ടിരിക്കുകയാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. മുപ്പതിലേറെ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്ക്കും പ്രചാരണത്തിനും ശേഷം വെണ്ണലയിലെ കൊറ്റന്കാവില് പര്യടനം സമാപിച്ചു. ബിജെപി മണ്ഡലം ഭാരവാഹികളായ എം.കെ സദാശിവന്, കെ.എസ്. സുരേഷ്കുമാര്‍, സി.എം സജികുമാര്‍ എന്നിവരും പ്രചാരണത്തിന് നേതൃത്വം നല്കി. കലൂര്‍ ഐഎംഎ ഹാളില്‍ ബിസിനസ് മീറ്റില്‍ കണ്ണന്താനം സംവദിച്ചു.
ആഗോള വാണിജ്യം, ടൂറിസം ഹബ് എന്നിവയിലൂന്നിയ പരിപാടിയില്‍ എറണാകുളത്തിന്റെ വികസനത്തിന് ബിസിനസ് മേഖലയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിച്ചു. ബിസിനസ് രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. ബിജെപി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമത്തിലും കണ്ണന്താനം പങ്കെടുത്തു.
ഇന്ന് കളമശ്ശേരി നിയോജകമണ്ഡലത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം. രാവിലെ എട്ടിന് തേവക്കലില്‍ നിന്നാരംഭിക്കുന്ന സ്ഥാനാര്‍ഥി പര്യടനം മുപ്പതിലേറെ കേന്ദ്രങ്ങളിലെ സ്വീകരണ- പ്രചാരണങ്ങള്‍ക്കുശേഷം മുപ്പത്തടത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: