ന്യൂദല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദായനികുതി വകുപ്പ് നടത്തുന്ന തെരച്ചിലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യു സെക്രട്ടറിയേയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ചെയര്‍മാനേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു. റവന്യു സെക്രട്ടറി എ.ബി.പാണ്ഡയേയും സിബിഡിടി ചെയര്‍മാന്‍ പി.സി.മോദിയേയുമാണ് കമ്മീഷന്‍ വിളിപ്പിച്ചത്.
തെരച്ചില്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും, പക്ഷേ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷന്‍ ആദായ നികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നിര്‍ദ്ദേശം.
മധ്യപ്രദേശില്‍ ആദായനികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ 281 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ അനുയായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 14.6 കോടി രൂപയാണ് പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണമാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം കണ്ടെത്തിയ വീടുകളിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
















