പാലക്കാട്: വിവാദത്തില്‍ പെട്ട കനേഡിയന്‍ കമ്പനിയായ ലാവ്ലിന്റെ പ്രധാന ഓഹരിയുടമകളായ സിഡിപിക്യു കിഫ്ബി ബോണ്ടുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 300 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ ചൂണ്ടിക്കാട്ടി. എന്‍എച്ച്എഐക്കും എന്‍ടിപിസിക്കും മസാലബോണ്ടുകളിലൂടെ 7.3 ശതമാനത്തിനടുത്ത് പലിശയ്ക്കാണ് പണം ലഭിച്ചത്. എന്നാല്‍ അന്നത്തേതിനേക്കാള്‍ ആഭ്യന്തരവിപണിയില്‍ പലിശ കുറവാണെന്നിരിക്കെ കേരള സര്‍ക്കാര്‍ നിശ്ചയിച്ചത് ഭീമമായ പലിശയാണ്.
കിഫ്ബി മസാലബോണ്ടിന് ആറരമുതല്‍ ഏഴ് ശതമാനത്തില്‍ കൂടുതല്‍ പലിശ കൂടാന്‍ പാടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതാകട്ടെ 9.72 ശതമാനം പലിശനിരക്കാണ്. ഇത് വന്കടബാധ്യതയിലേക്കാണ് നയിക്കുക. മാത്രമല്ല ഏകദേശം മൂന്ന് ശതമാനമെങ്കിലും കിഫ്ബി അധികതുക നല്‍കേണ്ടിവരും. അതായത് 2150 കോടി നിക്ഷേപത്തിന് ലഭിച്ച കമ്മീഷനാണ് മുന്നൂറുകോടിയെന്നും സന്ദീപ് ആരോപിച്ചു. കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ട് സാമ്രാജ്യത്വ കുത്തക കമ്പനികള്‍ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്.
മസാലബോണ്ട് കൃത്യമായ മാനദണ്ഡം പാലിച്ചാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വസ്തുതകള്‍ വളച്ചൊടിച്ച് വിവാദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സന്ദീപ് പറഞ്ഞു. സിഡിപിക്യുവിന് എസ്എന്‍സി ലാവ്ലിനുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിച്ചിരിക്കുകയാണ്. 20 ശതമാനം ഓഹരിയുള്ള സിഡിപിക്യുതന്നെയാണ് ലാവ്ലിന്റെ മുതലാളി.
റേറ്റിങ് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതും കള്ളമാണെന്ന് സന്ദീപ് പറഞ്ഞു. നെഗറ്റീവ് റേറ്റിങ്ങില്‍ നിന്നും മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലൂടെ ഭാരതം ബിബിബി (ബി++) യിലെത്തി. എന്‍എച്ച്എഐക്ക് എഎഎ റേറ്റിങ് ഉണ്ടെന്നും സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിയെ ലണ്ടനിലേക്ക് ക്ഷണിച്ചെന്ന വാദം തെറ്റാണ്. പുതുതായി ലിസ്റ്റ് ചെയ്യുന്ന ഓഹരികളും ബോണ്ടുകളും പുറത്തിറക്കുന്ന ചടങ്ങ് എല്ലാദിവസവും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടക്കും. അത് നടത്തുന്നത് മന്ത്രിമാരോ കമ്പനിമേധാവികളോ ആയിരിക്കും. കിഫ്ബിയുടെ ചെയര്‍മാനായ പിണറായി വിജയനാണ് മസാലബോണ്ട് പുറത്തിറക്കേണ്ടതെന്നും സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: