പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് നടന്ന നാല് അപകടങ്ങളിൽ ആറ് പേർ മരിച്ചു. റാന്നിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. പൊന്തന്‍ പുഴ ആലപ്ര സ്വദേശി പാസ്റ്റര്‍ രാജു ആണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടി നടക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാളായ രാജു ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
എറണാകുളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു രണ്ടുപേര്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ് ,ജോണ്‍ എന്നിവരാണ് മരിച്ചത്. വെള്ളറടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് താടിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ലോറിയിലെ ഡ്രൈവറും ക്ളീനറുമാണ് മരിച്ചത്. എറണാകുളം നെട്ടൂരില്‍ വെച്ചാണ് അപകടം നടന്നത്.
അതിനിടെ മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്പിലുണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാര്‍ സ്വദേശി രമേശന്‍ പി.കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം സംഭവിച്ചു. മലപ്പുറം രാമപുരം പനങ്ങാങ്കരയിലാണ് അപകടം നടന്നത്. അച്ഛനും എട്ടു വയസ്സുകാരനുമായ മകനുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടില്‍ ഹംസക്കുട്ടി(40), മകന്‍ ബാദുഷ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: