കൊച്ചി : സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇരുവരും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഇവര്‍ക്കെതിരെ സിബിഐ ചുമത്തിയ തെളിവുകള്‍ നിര്‍ണായകമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
വിചാരണയിലൂടെ കേസിലെ സത്യം പുറത്ത് വരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിളിനെ പ്രതി ചേര്‍ത്ത വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസ്‌പി കെ.ടി മൈക്കിളിനെതിരെയുള്ള കേസ്.
തിരുവനന്തപുരത്തെ സിബിഐ കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതേ വിട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: