കൊച്ചി: കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എംപാനലുകാരെ തുടരാന്‍ അനുവദിക്കരുതെന്ന് പലതവണ കോടതി പറഞ്ഞിട്ടുണ്ട്. ഇത് കെഎസ്ആര്‍ടിസിക്കും മനസ്സിലായിട്ടുണ്ട്. എന്നാല്‍ ട്രേഡ് യൂണിയനുകളെ പ്രീണിപ്പിക്കാന്‍ അവര്‍ മനഃപൂര്‍വം ശ്രമിക്കുകയാണ്, ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി.
റിസര്‍വ് ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചേര്‍ത്തല സ്വദേശി ആര്. വേണുഗോപാല്‍ ഉള്‍പ്പെടെ നല്കിയ അപ്പീലുകളിലാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് അഡൈ്വസ് മെമ്മോ നല്കാന് പിഎസ്സിയോടു നിര്‍ദേശിക്കണോ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിയമനം നടത്താതിരിക്കണോയെന്നൊക്കെ കെഎസ്ആര്‍ടിസിക്ക് തീരുമാനിക്കാം. പക്ഷേ, റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ എംപാനല്‍ ഡ്രൈവര്‍മാരെ അനുവദിക്കില്ല. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23നാണെന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച കൂടി സമയം നല്‍കിയാണ് ഏപ്രില്‍ 30തിനകം പിരിച്ചു വിടാന്‍ നിര്‍ദേശിക്കുന്നത്. അതേസമയം എംപാനല്‍ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളെ ഈ വിധി ബാധിക്കരുതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നിയമാനുസൃതം താല്‍ക്കാലിക നിയമനം നടത്താമെങ്കിലും ചട്ടമനുസരിച്ച് 180 ദിവസത്തില്‍ കൂടുതല്‍ എംപാനലുകാര്‍ക്ക് തുടരാനാവില്ലെന്ന വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഈ കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പിഎസ്സിയുടെ 2012 ഓഗസ്റ്റ് 23ലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: