ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളായ പ്രവീണ്‍ കക്കര്‍, ആര്.കെ. മിഗ്ലാനി എന്നിവരുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തി. ഇതേവരെ 14 കോടി രൂപ പിടിച്ചെടുത്തതായാണ് കണക്കുകള്‍. സിആര്‍പിഎഫിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. ദല്‍ഹി, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗോവ എന്നിവിടങ്ങളിലെ 50 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. നിര്‍ണായക രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച വെളുപ്പിന് മൂന്നുമണിയോടെയായിരുന്നു ഇരുവരുടെയും വീടുകളില്‍ റെയ്ഡ് തുടങ്ങിയത്. സംസ്ഥാന പോലീസിന് ഇതേക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതേക്കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല. ദല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പണമിടപാടുകളില്‍ കമല്‍നാഥ് വെട്ടിലായതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലായി. ചൗക്കീദാറിനെ കുറ്റം പറയുന്നത് കള്ളന്മാര് മാത്രമാണെന്ന് ഇതോടെ വ്യക്തമായതായി റെയ്ഡിനെ പരാമര്‍ശിച്ച് ബിജെപി നേതാവ് കൈലാസ് വിജയ്വാര്‍ഗീയ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള രാഷ്ട്രീയ പകപോക്കലാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശോഭാ ഓസയുടെ പ്രതികരണം.
കമല്‍നാഥിന്റെ പ്രത്യേക ഡ്യൂട്ടി ഓഫീസറായിരുന്നു കക്കര്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇയാള്‍ പോലീസില്‍ നിന്ന് സ്വയം വിരമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഫെബ്രുവരി 22ന് കക്കറും മിഗ്ലാനിയും കമല്‍നാഥിന്റെ ഡ്യൂട്ടി ഓഫീസര്‍ പദവികളില്‍ നിന്ന് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: