ന്യൂദല്‍ഹി: അമ്പത് ശതമാനം വോട്ടുകളും വിവിപാറ്റ് യന്ത്രത്തില്‍ നിന്ന് ലഭിക്കുന്ന രസീതുകളുമായി ഒത്തുനോക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ മുഴുവന്‍ വോട്ടുകളും വിവിപാറ്റിലെ രസീതുകളും ഒത്തുനോക്കാറുണ്ട്. ഇത് കൂട്ടി, ഒരു മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളിലെ വോട്ടുകളും വിവിപാറ്റിലെ രസീതുകളും ഒത്തുനോക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.
പ്രതിപക്ഷത്തെ 21 നേതാക്കള്‍ ചേര്‍ന്നാണ് അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും വോട്ടുകളും ഒത്തുനോക്കണമെന്ന ആവശ്യവുമായി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഒരു യന്ത്രത്തിലെ മാത്രം വോട്ടുകള്‍ വിവിപാറ്റുമായി ഒത്തുനോക്കുന്നതിലൂടെ 0.44 ശതമാനം വോട്ടുകളേ കണക്കാക്കാന്‍ സാധിക്കൂ. ഇത് വിവിപാറ്റ് കൊണ്ടുള്ള ഉദ്ദേശ്യത്തിന് തന്നെ വിപരീതമാണെന്ന് കാട്ടിയാണ് പ്രതിപക്ഷം ഹര്‍ജി നല്‍കിയത്.
50 ശതമാനം വിവിപാറ്റ് ഒത്തു നോക്കുന്നതിലെ പ്രായോഗിക അസൗകര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളുടെ ഹര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഫലപ്രഖ്യാപനം 6 ദിവസം വരെ വൈകും. 400 പോളിങ് സ്റ്റേഷനുകള്‍ വരെയുള്ള മണ്ഡലങ്ങളില്‍ ഇത് 9 ദിവസം വരെ വൈകാനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് കമ്മീഷന് ഹര്‍ജി നല്‍കിയത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണുന്നതില്‍ വര്‍ദ്ധനവ് വരുത്താന്‍ സാധിക്കുന്നതിലെ പ്രായോഗികതയെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് ഏഴ് സെക്കന്‍ഡോളം തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ കാണാമെന്നതിനാല്‍ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടര്‍ക്ക് അപ്പോള്‍ തന്നെ സ്ഥിരീകരിക്കാന്‍ കഴിയും. അതിനാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണവും കമ്മീഷന് നല്കുന്ന വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെങ്കിലേ സ്ലിപ്പുകള്‍ എണ്ണേണ്ടതുള്ളൂ എന്നാണ് കമ്മീഷന് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: