ഭോപ്പാല്‍/ജബല്‍പൂര്‍: മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ദീര്‍ഘദൂര ധനുഷ് പീരങ്കികള്‍ ഇനി സൈന്യത്തിന് സ്വന്തം. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ ചെയര്മാന് സൗരഭ് കുമാറാണ് പീരങ്കികള്‍ സൈന്യത്തിന് കൈമാറിയത്.
ചൈന, പാക്കിസ്ഥാന് അതിര്‍ത്തികളില്‍ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് നീക്കം. 38 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
സ്വദേശി ബൊഫോഴ്സ് എന്നറിയപ്പെടുന്ന ധനുഷ് പീരങ്കികള്‍ രാജ്യത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട 150/45 മി.മി. കാലിബര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇവയുടെ 81 ശതമാനവും ഇന്ത്യയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. സാങ്കേതികമായി മികച്ച സൗകര്യങ്ങളോടുകൂടിയ പീരങ്കികളാണ് ഇവ. രാപകല്‍ വ്യത്യാസമില്ലാതെ ഇവ ഉപയോഗിക്കുവാന്‍ കഴിയും. സിക്കിം, ലേ, ബലാസോര്‍, ഒഡീഷ, പോഖ്റാന്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ധനുഷ് പീരങ്കികള്‍ ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന് മരുഭൂമിയിലും ഒരേപോലെ ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് സൈന്യത്തിന്റെ ശക്തിയായിരുന്ന സ്വീഡിഷ് നിര്‍മിത ബൊഫോഴ്സ് പീരങ്കികളേക്കാള്‍ മികച്ചവയാണ് ഇവ.
ഡിആര്‍ഡിഒ, ഡിജിക്യുഎ, ബിഇഎ, എസ്എഐഎല്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും വിദഗ്ധര്‍ ചേര്‍ന്നാണ് ധനുഷ് വികസിപ്പിച്ചെടുത്തത്. ഫെബ്രുവരി 18-ാണ് രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിര്‍മാണ ശാലയായ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് 114 പീരങ്കികള്‍ നിര്‍മിക്കാനുള്ള ഉത്തരവ് ലഭിച്ചത്. ആറ് ധനുഷ് പീരങ്കികളാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ജബല്‍പൂരിലെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഫാക്ടറിയില്‍നിന്നും സൈന്യത്തിന് കൈമാറിയത്.
ലഫ്റ്റനന്റ് ജനറല്‍ പി.കെ. ശ്രീവാസ്തവ, ലഫ്റ്റനന്റ് ജനറല്‍ ആര്.എസ്. സലാരിയ, മേജര്‍ ജനറല്‍ മന്മീത് സിങ്, ഒഎഫ്ബി സെക്രട്ടറി ഹരിമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: