370, 35 എ വകുപ്പുകള്‍ നീക്കും
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പും സ്ഥിരം താമസക്കാരെ നിര്‍വചിക്കാന്‍ നിയമസഭയ്ക്ക് അനുവാദം നല്കുന്ന 35 എ വകുപ്പും നീക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് മടങ്ങിയെത്താന്‍ സകല സഹായങ്ങളും നല്‍കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് 35 എ തടസമാണ്. ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ആദായ നികുതി പരിധി ഉയര്‍ത്തും
ന്യൂദല്‍ഹി: ഇടത്തരക്കാര്‍ക്കും ഗുണകരമാകും വിധം ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന് ബിജെപി വാഗ്ദാനം. നികുതി സ്ലാബുകള്‍ പുനഃപരിശോധിക്കും. കൂടുതല്‍ പേര്‍ക്ക് നികുതിയിളവുകള്‍ ലഭ്യമാക്കും. പത്രികയില്‍ പറയുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ എടുക്കും. അധ്യാപക പരിശീലനത്തിന് പ്രാധാന്യം നല്‍കും. അവരുടെ പരിശീലനത്തിന് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. 200 കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങള്‍ കൂടി സ്ഥാപിക്കും. കേന്ദ്ര നിയമ എന്‍ജിനിയറിങ്ങ്, ശാസ്ത്ര വിദ്യാലയങ്ങളില്‍ സീറ്റുകള്‍ കൂട്ടും. നൈപുണ്യ വികസനത്തിന് നയം രൂപീകരിക്കും.
ശബരിമല: ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കും
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസം, പാരമ്പര്യം, ആചാരം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സമഗ്രമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കും. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കും
സാംസ്ക്കാരിക പാരമ്പര്യം
മഹത്തായ സാംസ്ക്കാരിക പാരമ്പര്യം ശക്തിപ്പെടുത്തും. ഭാരതീയ ഭാഷകള്‍ സംരക്ഷിക്കാന്‍ ദേശീയ ദൗത്യ സേന രൂപീകരിക്കും. അന്യം നിന്നുപോയ ഭാഷകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കും.
രാമക്ഷേത്രം, നമാമി ഗംഗേ
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഭരണഘടനക്കുള്ളില് നിന്നുകൊണ്ട് സാധ്യമായതെല്ലാം ചെയ്യും. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ ഗംഗയെ മാലിന്യമുക്തമാക്കാനും ഒഴുക്ക് സുഗമമാക്കാനും തുടര്‍ന്നും നടപടികള്‍ കൈക്കൊള്ളും. സമീപ മേഖലകളിലെ കക്കൂസ് മാലിന്യം ഗംഗയിലേക്ക് ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കും.
എകീകൃത സിവില്‍ കോഡ്
എകീകൃത സിവില്‍ കോഡ് കൊണ്ടുവരും. സ്ത്രീസുരക്ഷയ്ക്കും ഇത് അനിവാര്യമാണ്.
വിദേശ നയം
വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. അയല്‍ക്കാരും സൗഹൃദരാജ്യങ്ങളുമായി ഈ നിലയ്ക്കാകും ഇടപെടുക. ആഗോള വേദികളില്‍ ഭീകരതക്കെതിരെ പൊരുതും. ഭീകരസംഘടനകള്‍ക്കും ഭീകര്‍ക്കും എതിരെ നിലകൊള്ളും. യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് തീവ്ര ശ്രമം തുടരും. അഴിമതിക്കും ഭീകരതക്കും എതിരെ യുഎന്‍ ബ്രിക്സ് തുടങ്ങിയ തരത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പോരാടും.
വനിതാ ശാക്തീകരണം
ബേട്ടി ബചാവോ ബേട്ടി പഠാവോ, സൗഭാഗ്യ, ഉജ്ജ്വല തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടു കഴിഞ്ഞ അഞ്ചു വര്‍ഷമായി നടപ്പാക്കുന്ന പദ്ധതികളില്‍ കൂടുതല്‍ സ്ത്രീകളെ പങ്കാളികളാക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. അമ്പതു ശതമാനം സ്ത്രീകള്‍ക്ക് ജോലി നല്കുന്ന ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ പത്തു ശതമാനം സര്‍ക്കാര്‍ സഹായത്തില്‍ നല്‍കും. അങ്കണവാടികള്‍ അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കും.
മുത്തലാഖില്‍ നിയമം- മുത്തലാഖ് അടക്കമുള്ള സ്ത്രീ വിരുദ്ധ സമ്പ്രദായങ്ങള്‍ നിരോധിച്ചു തുടക്കമിട്ട നീക്കങ്ങള്‍ ശക്തമായി തുടരും. ഇതിനായി നിയമനിര്‍മാണം നടത്തും.
സ്ത്രീകളുടെ ആരോഗ്യം-ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അങ്കണവാടി, ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തും.
വനിതാസംവരണം-പാര്‍ലമെന്റിലും നിയമസഭകളിലും മുപ്പത്തിമൂന്നു ശതമാനം വനിതാ സംവരണം എന്ന ഭരണഘടനാ ഭേദഗതിക്ക് പ്രതിജ്ഞാബദ്ധം.
സാമൂഹ്യനീതി
ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍-ജനസംഖ്യയുടെ അമ്പതു ശതമാനം പട്ടിക വര്ഗമായിരിക്കുകയോ 20,000 ഗോത്രവിഭാഗക്കാര്‍ താമസിക്കുകയോ ചെയ്യുന്ന പ്രദേശത്ത് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അനുവദിക്കും. നവോദയ വിദ്യാലയങ്ങളുടെ മാതൃകയിലായിരിക്കുമിത്.
വന്‍ ധന് വികാസ് കേന്ദ്രങ്ങള്‍- വനവാസി വിഭാഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ അമ്പതിനായിരം വന്‍ ധന് വികാസ് കേന്ദ്രങ്ങള്‍ ആരംഭിക്കും.
പാവപ്പെട്ട ജനതയ്ക്കൊപ്പം – ദാരിദ്ര്യരേഖയ്ക്കു താഴെ അധിവസിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കും. 2022 ആവുന്നതോടെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും.
പഞ്ചസാരയും സബ്സിഡി വിലയ്ക്ക്-ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സബ്സിഡി വിലയ്ക്ക് നല്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയും ഉള്‍പ്പെടുത്തും. എണ്പതു കോടി ജനങ്ങള്‍ക്ക് കിലോയ്ക്ക് പതിമൂന്നു രൂപയ്ക്ക് മാസംതോറും പഞ്ചസാര ലഭിക്കും.
സദ്ഭരണം
മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തിന് സദ്ഭരണമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സദ്ഭരണത്തിനുള്ള ഒരു നിയതമായ ചട്ടക്കൂടും നാം രൂപീകരിച്ചു. അതിന്റെ മികച്ച ഫലങ്ങള്‍ വരും തലമുറുയ്ക്ക് ലഭ്യമാകും.
ഒന്നിച്ച് തെരഞ്ഞെടുപ്പ്
ചെലവു കുറയ്ക്കാനും വിഭവങ്ങളേയും സുരക്ഷാ സേനയേയും പരമാവധി ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് പാര്‍ലമെന്റ്, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പകള്‍ ഒരുമിച്ച് നടത്താനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രം. ഇക്കാര്യത്തില്‍ സമയവായം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. ഒരൊറ്റ വോട്ടര്‍ പട്ടികയെന്നത് സാധ്യമാക്കാനും ശ്രമിച്ചുവരികയാണ്.
അഴിമതി മുക്തഭാരതം
അഴിമതി തുടച്ചു നീക്കാന്‍ കേന്ദ്രം നിരവധി നടപടികളാണ് കൊണ്ടുവന്നത്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങുന്നവരെ മടക്കിയെത്തിക്കാനുള്ള ഫ്യൂജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് 2018, അഴിമതി തടയല്‍ നിയമം(ദേഭഗതി) 2018, ബിനാമി ഇടപാടുകള്‍ നിരോധിച്ചുള്ള നിയമം( 2016) തുടങ്ങിയവ അവയില്‍ ചിലതാണ്.
പോലീസിലെ പരിഷ്കാരങ്ങള്‍
കോളനി വാഴ്ചക്കാലത്തെ പോലീസാണ് ഇപ്പോഴുമുള്ളത്. ഇതു മാറ്റാന്‍ പോലീസില്‍ വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരും. ഇതിനായി മാതൃകാ പോലീസ് ചട്ടം രൂപീകരിക്കും.
നിയമപരിഷ്കാരങ്ങള്‍
നിയമ നീതിന്യായ രംഗത്ത് പരിഷ്കാരങ്ങള്‍ കൊണ്ടുവരും. നിയമങ്ങള്‍ ലളിതങ്ങളാക്കും. തര്‍ക്ക പരിഹാര ഫോറങ്ങള്‍ വര്‍ദ്ധിപ്പിക്കും.
അന്തരാഷ്ട്ര സാമ്പത്തിക ഫോറം
ഇന്ത്യയെ അന്താരാഷ്ട്ര സാമ്പത്തിക സേവനങ്ങളുടെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെന്റര്‍ അതോറിറ്റി രൂപീകരിക്കും.
ഫെഡറലിസം
മുഴുവന്‍ സംസ്ഥാനങ്ങളെയും കൂട്ടിയണക്കിയുള്ള ഭരണം. ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണമാണ് നിതി ആയോഗ്. ചരക്ക് സേവന നികുതി കൗണ്‍സിലും സഹകരണ ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരണം. നയരൂപീകരണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് നല്‍കും. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കും.
ശാസ്ത്ര പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മിഷന്
സയന്‍സ് മിഷന് തുടങ്ങും. കൃത്രിമ ബുദ്ധി, റോബോട്ടിക് ഗവേഷണ മിഷന് എന്നിവയില്‍ ശ്രദ്ധയൂന്നും. ഈ മേഖലയിലെ നിക്ഷേപം കൂടുതല്‍ കേന്ദ്ര സ്ഥാപനങ്ങളിലാണ്. അവ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. ഗവേഷണങ്ങള്‍ക്കുളള മുതല്‍മുടക്കും വര്‍ദ്ധിപ്പിക്കും. ഇംഗ്ലീഷിലുള്ള ശാസ്ത്ര പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റാന്‍ ഭാഷാ വിവര്‍ത്തന ദൗത്യം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: