ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമായ 2022ലേക്ക് എത്തുമ്പോള്‍ 75 പ്രധാന ലക്ഷ്യങ്ങളാണ് രാജ്യത്തിന് പൂര്‍ത്തീകരിക്കേണ്ടതെന്ന് ബിജെപി പ്രകടനപത്രിക പുറത്തുവിട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരേ ദൗത്യം, ഒരേ ദിശ എന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ രീതി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലാണ് വികസന പദ്ധതികള്‍ നടപ്പാക്കിയത്. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനുള്ള ശ്രമത്തിന് വലിയ പിന്തുണയാണ് രാജ്യത്തെ ജനങ്ങള്‍ നല്‍കിയത്.
രണ്ടരക്കോടി പേര് പാചകവാതക സബ്സിഡി ഉപേക്ഷിച്ചതു വഴി ഏഴുകോടി പേര്‍ക്ക് പാചകവാതകം സൗജന്യമായി നല്കാന് സാധിച്ചു. രാജ്യത്തിന്റെ ഭരണ സമ്പ്രദായത്തില്‍ വലിയ പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047നെ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്ക് ഇപ്പോള്‍ തുടക്കം കുറിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലെ 25 ലക്ഷം കോടി രൂപയുടെ അടക്കമുള്ള നിക്ഷേപങ്ങള്‍ ഇതു മുന്നില്‍ കണ്ടാണ് പ്രഖ്യാപിക്കുന്നത്, മോദി പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങളുടെ ആകാംക്ഷകള്‍ പൂര്‍ത്തീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ദേശീയതയോടുള്ള പൂര്‍ണ പ്രതിബദ്ധതയാണ് ബിജെപിയുടെ മുഖമുദ്ര. ഉത്തരവാദിത്വ ഭരണവും നയവ്യക്തതയും ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ടെന്നും രാജ്നാഥ് സിങ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള അഞ്ചുവര്‍ഷത്തെ യാത്ര രാജ്യത്ത് വലിയ വികസനം കൊണ്ടുവന്നതായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എട്ടുകോടി ശൗചാലയങ്ങള്‍, ഏഴുകോടി ഗ്യാസ് വിതരണം, മിന്നലാക്രമണങ്ങള്‍ തുടങ്ങി നിരവധി നേട്ടങ്ങളുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളെ തൊടാന്‍ ശത്രുക്കള്‍ ഭയന്നു തുടങ്ങിയതായും അമിത് ഷാ പറഞ്ഞു. ആറുകോടി ആളുകളുമായി ചര്‍ച്ച ചെയ്തു തയ്യാറാക്കിയ പ്രകടന പത്രിക സമഗ്രമാണെന്നും ഷാ പറഞ്ഞു. അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: