ന്യൂദല്‍ഹി : അനില്‍ അംബാനിക്കുവേണ്ടി ഉത്തരവില്‍ തിരുമറി നടത്തിയ രണ്ട് സുപ്രീംകോടതി മുന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ എറിക്സണ് ഇന്ത്യ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന കേസിലാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട് ഇരുവരേയും നേരത്തെ സുപ്രീംകോടതി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
എറിക്സണ് ഇന്ത്യയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് സുപ്രീംകോടതി വെബ്സൈറ്റില്‍ ഇത് നല്‍കിയത് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയെന്നതാണ്. ഇതിനെതിരെ പരാതി ഉയരുകയും ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരേയും പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: