ആലപ്പുഴ: പോലീസ് സേനയെ സര്‍ക്കാര്‍ മാര്ക്സിസ്റ്റ്വല്ക്കരിച്ചതായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. നവോത്ഥാന കേരളത്തില്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് നല്കുന്ന നിര്‍ദേശമനുസരിച്ചാണ് പോലീസ് സേന പ്രവര്‍ത്തിക്കുന്നത്. കള്ളക്കേസുകളെടുത്ത് രാഷ്ട്രീയ എതിരാളികളേയും തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെയും ദ്രോഹിക്കാന്‍ സര്‍ക്കാര്‍ പോലീസ് സേനയെ ഉപയോഗിക്കുന്നു. സ്ത്രീകള്‍ ഇന്ന് പോകാന്‍ ഭയപ്പെടുന്ന കേന്ദ്രങ്ങളാണ് സിപിഎം ഓഫീസുകള്‍.
എറണാകുളത്ത് പാര്‍ട്ടി ഓഫീസില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചത് പാര്‍ട്ടി സഖാക്കളായിരുന്നു. കണ്ണൂരില്‍ ജില്ലാ നേതാവിനെതിരെ പരാതി നല്‍കിയത് എംഎല്‍എയാണ്. ഷൊര്‍ണൂരിലും ചെര്‍പ്പുളശേരിയിലും പീഡനത്തിനിരയായവര്‍ പരാതി നല്കി. നിരവധി സംഭവങ്ങള്‍ പരാതികള്‍ പോലുമില്ലാതെ ഒത്തുതീര്‍പ്പാക്കുകയാണ്. തീവ്രത അളക്കുന്ന കമ്മീഷന് അന്വേഷണം നടത്തിയാണ് ഇതെല്ലാം ചെയ്യുന്നത്.
കേരളത്തിന്റെ നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം. കമ്മ്യൂണിസം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുള്ള പ്രത്യയശാസ്ത്രമായിരുന്നു. ഇന്നത് ചീഞ്ഞളിഞ്ഞു. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ നടത്തുന്നത്. രണ്ടുപേരും ഒന്നാണ്. തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും വോട്ട്മറിക്കാന്‍ നടത്താന്‍ സാധ്യതയുണ്ട്.
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ നവോത്ഥാനത്തിനും മുന്തിയ പരിഗണന നല്കിയ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. ഒമ്പതു കോടി കക്കൂസുകളാണ് അഞ്ച് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കിയത്. 95 ശതമാനം ഗ്രാമങ്ങളിലും ശൗചാലയം നിര്‍മിച്ചു. എട്ടു കോടി പാചകവാതക കണക്ഷനുകള്‍ നല്കി. അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു. മൂന്നുകോടി വീടുകള്‍ നിര്‍മിച്ചു. രണ്ടുകോടി വീടുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. നിരവധി പദ്ധതികളാണ് സ്ത്രീകള്‍ക്കായി ഇപ്രകാരം നടപ്പാക്കിയത്.
ശക്തിയുടെ പ്രതീകങ്ങളായ സ്ത്രീകളാണ് മോദി മന്ത്രിസഭയിലുള്ളത്. പ്രസംഗത്തിലല്ല പ്രവര്‍ത്തിയില്‍ നവോത്ഥാനം നടപ്പാക്കിയ സര്‍ക്കാരാണ് മോദിയുടേതെന്നും വീണ്ടും മോദി അധികാരത്തിലെത്താനുള്ള പരിശ്രമം സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു അധ്യക്ഷയായി. ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: