കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷവും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം നടന്നത് വിവാദമാകുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിലാണ് സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സമിതി പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് നിയമനം നടത്തിയത്.
സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷവും മെഡിക്കല്‍ കോളേജിന്റെ ഭരണച്ചമുതല ജില്ലാ കളക്ടറും രണ്ട് സ്വകാര്യ ഡോക്ടര്‍മാരുമടങ്ങുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോളിനെ ഏല്‍പ്പിച്ചത് വിവാദമായിരുന്നു. നേരത്തെ മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും ഭരണം കൈയാളിയിരുന്ന സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘം തന്നെ ഇപ്പോഴും ‘ബാക്ക് സീറ്റ് ഡ്രൈവിങ്’ നടത്തുന്നതിനു വേണ്ടിയാണ് സ്വകാര്യ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് കണ്ട്രോള് രൂപീകരിച്ചതെന്നാണ് ആരോപണം.
ഈ താല്‍ക്കാലിക സമിതിയുടെ തുടര്‍ച്ചയായി പുതിയ ഒരു സൊസൈറ്റി രൂപീകരിച്ച് ആ സൊസൈറ്റിയെ ഭരണച്ചുമതല ഏല്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സിപിഎമ്മിന്റെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമാണ്. ഈ സമിതിയുടെ നേതൃത്വത്തില്‍ വിവിധ തസ്തികകളിലേക്ക് ഭരണകക്ഷിക്ക് താല്‍പ്പര്യമുള്ളവരെ തിരുകിക്കയറ്റാനാണ് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കുക പോലും ചെയ്യാതെ തിരക്കിട്ട് നിയമനങ്ങള്‍ നടത്തുന്നത്.
മാര്‍ച്ച് 18ന് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭിക്കേണ്ടുന്ന സൗജന്യം രോഗികള്‍ക്ക് കിട്ടുന്നില്ല.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവിടെ സര്‍ക്കാര്‍ നിയമപ്രകാരമാണ് അഡ്മിഷന് നടത്തേണ്ടത്. അഡ്മിഷന് കാലയളവ് വരെ ഈ സമിതിയെ നീട്ടിക്കൊണ്ടുപോയാല്‍ മെഡിക്കല്‍ കോളേജിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷനിലും പാര്‍ട്ടിയുടെ ഇടപെടലുകളുണ്ടാകാനിടയുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തുകൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സ്, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയ്ക്ക് കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി, ഡെന്റല്‍ കോളേജ്, ഡെന്റല്‍ ആശുപത്രി, നഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, നഴ്സിങ് സ്കൂള്‍, സഹകരണ ഹൃദയാലയ എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കിക്കൊണ്ടുള്ള മറ്റൊരു ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: