കൊടുങ്ങല്ലൂര്‍: രൗദ്രഭാവം പൂണ്ട ശ്രീകുരുംബക്കാവില്‍ ഇന്ന് അശ്വതിപൂജയും കാവുതീണ്ടലും. ഇന്നലെ രേവതി വിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സായൂജ്യമടഞ്ഞു. ദേവി ദാരികനെ നിഗ്രഹിച്ചത് രേവതി നാളിലാണെന്ന വിശ്വാസത്തില്‍ ഏറ്റവുമധികം ഭക്തര്‍ കാവിലേക്കെത്തിയതും ഇന്നലെയാണ്.
മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തര്‍ ദേവിദര്ശനം സാധ്യമാക്കിയത്. ദേവിയുടെ വിജയം വിളംബരം ചെയ്ത് ക്ഷേത്രാങ്കണത്തിലെ അസംഖ്യം കല്‍വിളക്കുകളും ദീപസ്തംഭങ്ങളും തെളിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പൂജകള്‍ കഴിഞ്ഞ് ക്ഷേത്ര നടയടക്കും. പിന്നീട് ശ്രീകോവില്‍ ശുദ്ധിയാക്കി 12 മണിയോടെ അശ്വതി പൂജ അഥവാ തൃച്ചന്ദന ചാര്‍ത്തിനു തുടക്കമാകും.
ദാരികനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദന ചാര്‍ത്ത് എന്നും വിശ്വസിക്കപ്പെടുന്നു. നാലു മണിക്കൂര്‍ നീളുന്ന ഈ രഹസ്യ ശാക്തേയപൂജ നടത്തുന്നത് മേല്‍ശാന്തിമാരായ അടികള്‍ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളാണ്.
രാവിലെ പല്ലക്കില്‍ ക്ഷേത്രത്തിലേക്കെത്തുന്ന വലിയ തമ്പുരാന് രാമവര്‍മ്മ രാജ അശ്വതി പൂജയ്ക്കു ശേഷം അടികള്മാരോടൊപ്പം കിഴക്കേ നടയിലെ നിലപാടുതറയില്‍ എത്തി കാവുതീണ്ടലിനു അനുമതി നല്‍കും. കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തുന്നതോടെ ആദ്യം കാവുതീണ്ടുന്നതിന് അവകാശമുള്ള പാലക്കവേലന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ കാവുതീണ്ടും. കാവുതീണ്ടിയ ഭക്തര്‍ തമ്പുരാന് ദക്ഷിണ നല്കി മടങ്ങും.
ദേവസ്വം, റവന്യു ജീവനക്കാര്‍ക്കും അടികള്‍മാര്‍ക്കും കോടി വസ്ത്രം നല്കി തമ്പുരാന് മടങ്ങും. നാളെ പുലര്‍ച്ചെ ഭഗവതിക്ക് വരിയരി പായസ നിവേദ്യം സമര്‍പ്പിക്കും. പത്മശാലീയ വിഭാഗക്കാര്‍ കൂശ്മാണ്ട ബലി നടത്തി ജയക്കൊടി ഉയര്‍ത്തുന്നതോടെ മീനഭരണി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഏപ്രില്‍ പതിനാലിനാണ് പിന്നീട് ദര്‍ശനത്തിനായി ക്ഷേത്രനട തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: