തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി ശ്രീധന്യ സുരേഷ് കേരളത്തിന്റെ അഭിമാനമായി. ഈ നേട്ടം കൈവരിക്കുന്ന ഗോത്രവര്‍ഗത്തില്‍ പെടുന്ന കുറിച്ച്യ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാള്‍. 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്. ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് വയനാട് പൊഴുതന സ്വദേശി ശ്രീധന്യാ സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.
2016ല്‍ വയനാട് എന്‍ഊരു ടൂറിസം പ്രോജക്ടില്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയം അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണവും ബഹുമാനവും തന്റെ മനസിലുണ്ടാക്കിയ ആവേശമാണ് സിവില്‍ സര്‍വീസിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീധന്യ പറയുന്നു.
തിരുവനന്തപുരം നന്തന്‍കോട്ടെ ഫോര്‍ച്യൂണ്‍ ഐഎഎസ് പരിശീലന കേന്ദ്രത്തിലായിരുന്നു പരിശീലനം. മലയാളമായിരുന്നു പ്രധാന വിഷയം. വയനാട് പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്റെയും കമലയുടേയും മക്കളില്‍ രണ്ടാമത്തെ ആളാണ് ശ്രീധന്യ. സുഷിതയും ശ്രീരാഗുമാണ് സഹോദരങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികളാണ് മാതാപിതാക്കള്‍.
തരിയോട് നിര്‍മല ഹൈസ്കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കാവുംമന്ദം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പഠനം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.
2016-ല്‍ ഐഎഎസ് പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. തുടര്‍ന്നുള്ള കഠിനാധ്വാനമാണ് ശ്രീധന്യയെ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീധന്യയുടെ വിദ്യാഭ്യാസത്തിന് പലപ്പോഴും അച്ഛനമ്മമാരുടെ വരുമാനം മതിയാവുമായിരുന്നില്ല. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് സുഹൃത്തുകളുടെ കൈയില്‍ നിന്നും 40,000 രൂപ കടം വാങ്ങിയാണ് ദല്‍ഹിക്ക് പോയത്.
പേടിക്കാതെ ധൈര്യമായി കടന്നുവരുവാനും കഠിനാധ്വാനത്തിലൂടെ വിജയം കൊയ്യാനും പറ്റുന്ന മേഖലയാണ് സിവില്‍ സര്‍വീസ് എന്നാണ് വരും തലമുറയോട് ശ്രീധന്യയ്ക്ക് പറയാനുള്ളത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനശീലവുമുള്ള കുട്ടിയായിരുന്നു ശ്രീധന്യയെന്ന് അധ്യാപകന് മുനിധര്ഷന് പറയുന്നു.
മുന്‍കാലങ്ങളിലെ നിയമനങ്ങളുടെ രീതിവച്ച് ഇപ്പോള്‍ കിട്ടിയ റാങ്കില്‍ ശ്രീധന്യയ്ക്ക് ഐഎഎസ് ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: