തൊടുപുഴ: കേരളത്തിന്റെ മനമുരുകിയുള്ള പ്രാര്‍ഥനകള്‍ വിഫലം, തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് പൈശാചികമായി മര്‍ദിച്ചവശനാക്കിയ ആ ഏഴു വയസുകാരന് പീഡനങ്ങളും വേദനകളുമില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്നലെ രാവിലെ 11.35നാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ കുട്ടി അന്ത്യശ്വാസം വലിച്ചത്.
മര്‍ദനമേറ്റ് പത്താം നാളാണ് മരണത്തിന് കീഴടങ്ങിയത്. രക്തസമ്മര്‍ദം കൂടി ഹൃദയമിടിപ്പ് ക്രേമണ നിലയ്ക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്ന കുട്ടി മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇതോടെ കേസിലെ പ്രതിയായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റവും പോലീസ് ചുമത്തി.
ക്രൂരമര്‍ദനമേറ്റ് തലപൊട്ടി തലച്ചോറ് പുറത്തുവന്ന നിലയില്‍ മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതും രണ്ടു മണിക്കൂര്‍ വൈകി. ചികില്‍സ വൈകിപ്പിക്കാനുളള ശ്രമമായിരുന്നു ഇത്. പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം വലിയ ചര്‍ച്ചയായതോടെ കുട്ടിയെ പരിശോധിക്കാന്‍ കോട്ടയത്ത് നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘം എത്തുകയും സാധ്യമായ ചികിത്സ തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. മരണസമയത്ത് കൂട്ടിയുടെ അമ്മയും ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് കൊച്ചനുജനും ചേട്ടനെ ഒരുനോക്ക് കാണാനെത്തി.
തൊടുപുഴ പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാല് മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്തെത്തിച്ചു. മൂന്നരമണിക്കൂറെടുത്താണ് ഈ നടപടി പൂര്‍ത്തിയാക്കിയത്. രാത്രി 9.30ഓടെ ഉടുമ്പന്നൂര്‍ മഞ്ചിക്കല്ലിലെ വീട്ടിലെത്തിച്ച കുരുന്നിന്റെ മൃതദേഹം കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കേസില്‍ 90 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: