കോട്ടയം: അയ്യപ്പഭക്തരെ പ്രകോപിപ്പിക്കുകയും, അവഹേളിക്കുകയും ചെയ്യുന്ന പിഎസ്സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരമുള്ള പിഎസ്സിയെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുകയാണ് സര്‍ക്കാര്‍. ചോദ്യപേപ്പര്‍ തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയില്‍ അയ്യപ്പഭക്തരെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയതിലൂടെ ഭൂരിപക്ഷ ജനവികാരത്തെ വീണ്ടും വ്രണപ്പെടുത്തിയിരിക്കുകയാണ്.
ശബരിമല ആചാരലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ച നേതാക്കളുടെ പേരും, ചോദ്യത്തിന്റെ ഉത്തരസൂചികയില്‍ ഉള്‍പ്പെടുത്തി അപമാനിച്ചതും പ്രതിഷേധാര്‍ഹമാണ്. പരീക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം ഉള്‍പ്പെടുത്തിയത് ഭക്തരെയും, ആചാരസംരക്ഷകരെയും പ്രകോപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്. സംസ്ഥാനത്തെ വിശ്വാസിസമൂഹത്തെ മുഴുവന്‍ വേദനിപ്പിച്ച സര്‍ക്കാരിനും, പിഎസ്സിക്കുമെതിരെ ഭക്തജനപ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നല്‍കുമെന്ന് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: