അഞ്ചുവര്‍ഷത്തെ ഭരണത്തിനു ശേഷം താങ്കള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിരവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ചെയ്യാന്‍ സാധിച്ചില്ല എന്ന് ഏറ്റവും വിഷമത്തോടെ ഓര്‍ക്കുന്നതെന്താണ്?
ജനങ്ങളുടെ ഇടയിലാണ് ഞാനിപ്പോള്‍. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി സംവദിക്കുകയാണ്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നതിനു മുമ്പു തന്നെ രാജ്യം മുഴവന്‍ നിരന്തരം സഞ്ചരിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കുന്നതിനു വ്യത്യാസമുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഇതുപോലെ ജനങ്ങള്‍ക്കിടയില്‍ ചെന്നു ഞാന്‍ സംസാരിച്ചു. നിങ്ങള്‍ അറുപതു വര്‍ഷത്തെ ഭരണം കണ്ടു, എനിക്ക് അറുപത് മാസം തരൂ എന്നാണ് ഞാന്‍ അഭ്യര്‍ഥിച്ചത്. ഈ അറുപത് മാസത്തെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് എനിക്കല്ല. ജനങ്ങള്‍ക്കാണ്, കാരണം അവരാണ് എനിക്ക് അവസരം നല്‍കിയത്. അവരോടു നന്ദി പറയുകയാണ് ഓരോ തെരഞ്ഞെടുപ്പു യോഗത്തിലും ഞാന്‍.
ജനങ്ങള്‍ കണ്ടുകഴിഞ്ഞു, ഇതുവരെയുള്ള പ്രവര്‍ത്തനത്തിലെ വ്യത്യാസം. നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരാളെ അവര്‍ തിരിച്ചറിയുന്നുണ്ട്. മുന്‍ സര്‍ക്കാരുകളെക്കുറിച്ചുള്ള ഒരു പ്രശ്നം എന്തായിരുന്നു? ഇവിടെ ഒന്നും നടക്കില്ല എന്ന നിരാശാഭരിതമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഞങ്ങളുടെ ജീവിതം ഇനി ഇങ്ങനെയൊക്കെയങ്ങു നീങ്ങും എന്ന മട്ടില്‍ പ്രതീക്ഷ ഒട്ടുമില്ലാത്ത മനസ്സോടെയാണ് ഇവിടെ ജനങ്ങള്‍ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ജനങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. പലയിടത്തും ജനങ്ങളുമായി സംസാരിക്കുമ്പോള്‍, മോദിജീ നമുക്ക് അങ്ങനെ ചെയ്തു കൂടേ? ഇങ്ങനെ ചെയ്തു കൂടേ? എന്നൊക്കെ അവര്‍ ചോദിക്കുന്നു. അവര്‍ക്ക് പ്രതീക്ഷയുണ്ടായിരിക്കുന്നു.
ജനങ്ങള്‍ക്കു മുന്നില്‍ പുതിയൊരു പ്രവര്‍ത്തന സംസ്കാരം മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞു. ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള ഭരണരീതി അവതരിപ്പിച്ചു. വലിയ കാര്യങ്ങള്‍, ചെറിയ കാര്യങ്ങള്‍ എന്ന വ്യത്യാസമില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പെട്ടെന്ന് ഇടപെടുന്നു. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുള്ള രാജ്യമാണിത്. സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് ഗോത്രത്തിനു പുറത്ത് നിന്ന് രണ്ടു പേരാണ് പ്രധാനമന്ത്രിമാരായത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കു പുറത്തു നിന്ന് പ്രധാനമന്ത്രിമാര്‍ വന്നിട്ടുണ്ട്. പക്ഷേ, അവരും കോണ്‍ഗ്രസ് ഗോത്രത്തിലുള്ളവരായിരുന്നു. അടല്‍ബിഹാരി വാജ്പേയി, നരേന്ദ്ര മോദി- കോണ്‍ഗ്രസ് സംസ്കാരം സ്പര്‍ശിച്ചിട്ടില്ലാത്ത സര്‍ക്കാരുകളെ വേര്‍തിരിച്ചറിയാന്‍ ഈ രണ്ടു പ്രധാനമന്ത്രിമാരുടെ ഭരണകാലമാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്.
നല്ല കാര്യങ്ങള്‍ സംഭവിച്ചു എന്ന് അങ്ങ് പറയുന്നു. പക്ഷേ, രാഹുല്‍ ഗാന്ധി പറയുന്നു, എല്ലാവര്ക്കും പ്രതിമാസ സഹായം നല്‍കുമെന്ന്. കൃഷിക്കാര്‍ക്ക് രണ്ടായിരം രൂപയുടെ സഹായം എന്നതാണ് താങ്കളുടെ പദ്ധതി. എല്ലാവര്ക്കും നല്‍കുമെന്ന് രാഹുല്‍ പറയുന്നു. ഇതിനെ ബിജെപി എതിര്‍ക്കുന്നു. എതിര്‍പ്പിന്റെ കാരണമെന്താണ്?
ആറുപതിറ്റാണ്ട് രാജ്യം ഭരിച്ചവരാണ് കോണ്ഗ്രസ്സുകാര്. ഭേദപ്പെട്ട നേതാക്കളാണ് അവരുടെ ഭരണകാലത്ത് സര്‍ക്കാരിനെ നയിച്ചിരുന്നത്. മാറിയ കാലത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഇപ്പോഴും ആ പാര്‍ട്ടിയിലുണ്ട്. അങ്ങിനെയുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് പക്വതയുള്ള ഒരു തെരഞ്ഞെടുപ്പു പ്രകടന പത്രിക പ്രതീക്ഷിക്കുന്നതും സ്വാഭാവികം. ബിജെപി ജനങ്ങളോടു പറഞ്ഞതിനേക്കാള്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നാവുമായിരുന്നു. എന്നാല്‍ അവര്‍ ഷോര്‍ട്ട്കട്ടുകള്‍ തേടിപ്പോയി. റെയില്‍വേ ലെവല്‍ ക്രോസില്‍ എഴുതിവെച്ചിട്ടുണ്ട്, ‘ഷോര്‍ട്ട്കട്ട് വില്‍ കട്ട് യു ഷോര്‍ട്ട്’ എന്ന്. അവരിപ്പോള്‍ അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലേക്ക് നോക്കൂ, എന്തെല്ലാമാണ് പറഞ്ഞത്.
ചെറുപ്പക്കാര്‍ക്ക് എല്ലാമാസവും അലവന്‍സ് നല്കുമെന്നു പറഞ്ഞു, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നു പറഞ്ഞു, പക്ഷേ എന്തെങ്കിലും ചെയ്തോ? 2004 ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് അവര്‍ പറഞ്ഞു, രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുമെന്ന്. പത്തു വര്‍ഷം കഴിഞ്ഞ് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരാണ് കോടിക്കണക്കിനു വീടുകളില്‍ വൈദ്യുതി എത്തിച്ചത്. എല്ലാ വീട്ടിലും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കുറച്ചു ദൂരം മാത്രമേ ഇനി ബാക്കിയുള്ളൂ. കര്‍ഷകര്‍ക്കു നേരിട്ടു സഹായം എന്ന് 2004ലും 2009ലും പറഞ്ഞു, ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് ന്യായമായ താങ്ങുവില വാഗ്ദാനം ചെയ്തു, ഒന്നും ചെയ്തില്ല. വാഗ്ദാനങ്ങള്‍ ധാരാളം നല്‍കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ ട്രാക് റെക്കോഡ്. സാമ്പത്തിക വിഗദ്ധര്‍ അടക്കമുള്ളവര്‍ ഈ ട്രാക് െേറക്കോഡ് പരിശോധിക്കട്ടെ, എന്നിട്ടു തീരുമാനിക്കട്ടെ ഇവര്‍ കാര്യങ്ങള്‍ പറയുന്നവരോ, നടപ്പാക്കുന്നവരോ എന്ന്.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി പ്രകടനപത്രികയില്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ എന്നെ വേദനിപ്പിച്ചു. സൈന്യത്തെ ഇങ്ങനെ അപമാനിക്കാമോ? അവര്‍ ബലാത്കാരം ചെയ്യുന്നവരാണ് എന്നൊക്കെ പറയാമോ? ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയെ നോക്കൂ. ഏറ്റവും വലിയ പ്രാതിനിധ്യം ഇന്ത്യയുടെ സൈന്യത്തിന്റേതാണ്. വിവിധ രാജ്യങ്ങളില്‍ നമ്മുടെ സൈനികര്‍ പ്രവര്‍ത്തിക്കുന്നു. അവരെക്കുറിച്ച് ഇന്നുവരെ ഒരു പരാതിയും ആരും പറഞ്ഞിട്ടില്ല എന്നത് എനിക്കും നിങ്ങള്‍ക്കും ഇന്ത്യയില്‍ എല്ലാവര്ക്കും അഭിമാനിക്കാവുന്ന കാര്യമല്ലേ? നമ്മുടെ സൈനികരെക്കുറിച്ച് യുഎന്‍ ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. അഭിമാനിക്കേണ്ട കാര്യമല്ലേ അത്? ആ സൈനികരെയാണ് കോണ്‍ഗ്രസ് സംശയത്തോടെ കാണുന്നത്.
പ്രത്യേക സൈനിക അധികാരം പുനപ്പരിശോധിക്കും എന്ന് ബിജെപിയും പറഞ്ഞിരുന്നല്ലോ?
ശരിയാണ് പരിശോധിക്കും എന്നു തന്നെയാണ് പറഞ്ഞത്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന് അനുസരിച്ച് പരിശോധിക്കേണ്ടത് തന്നെയാണ്. നിയമം തന്നെ മാറ്റിമറിക്കും എന്നൊക്കെ പറയുന്നത് ആലോചിച്ചു വേണം. കോണ്‍ഗ്രസ് അതാണ് ചെയ്തത്.
ജമ്മുകശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം വേണം എന്നാണോ കരുതുന്നത്?
അങ്ങനെയൊരു അധികാരം ഇവിടെ ഉണ്ടായിരുന്നില്ലല്ലോ? ആ അന്തരീക്ഷം സൃഷ്ടിച്ചത് ആരാണ്? സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുകയാണ്. വിഘടനവാദികളെ സ്പോണ്സര് ചെയ്യുന്നത് അവരാണ്. വിഘടനവാദികളുടെ അഭിപ്രായങ്ങളെ സ്പോണ്സര് ചെയ്തത് അവരാണ്. സൈന്യത്തിനെതിരെ വിഘടനവാദികള്‍ സംസാരിക്കുന്ന ഭാഷയിലാണ് കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയും സംസാരിക്കുന്നത്. സൈന്യത്തെ ഇങ്ങനെ ഡീമോറലൈസ് ചെയ്യുന്നതെന്തിനാണ്?
സ്വാതന്ത്ര്യത്തിനു ശേഷവും തുടര്‍ന്നു പോന്ന, ബ്രിട്ടിഷ് ഭരണകാലത്തെ നിയമങ്ങള്‍ താങ്കള്‍ എടുത്തു കളഞ്ഞില്ലേ. സൈനിക അധികാരം സംബന്ധിച്ച നിയമങ്ങളെക്കുറിച്ചു പറയുമ്പോള്‍ വ്യത്യസ്ത നിലപാട് എന്തിനാണ്?
അനാവശ്യ നിയമങ്ങളുടെ കാടായിരുന്നു നമ്മുടെ നാട്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അത്തരം 1400 നിയമങ്ങളാണ് റദ്ദാക്കിയത്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളാണ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് റദ്ദാക്കിയത്. എത്ര നിയമങ്ങള്‍ കൊണ്ടുവന്നു എന്നാണ് കോണ്‍ഗ്രസ് അഭിമാനിച്ചത്. സാധാരണക്കാരന്റെ ജീവിതത്തെ ദുഷ്കരമാക്കുന്ന ഒരു നിയമമെങ്കിലും ഒരുദിവസം അവസാനിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ആരെങ്കിലും എതിര്‍പ്പു പറഞ്ഞോ? മാറേണ്ട നിയമങ്ങള്‍ തന്നെയായിരുന്നു. ഇതിനു മറുവശമുണ്ട്. രാജ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ നിയമങ്ങള്‍ വേണം. ദേശീയ പതാകയെ അവഹേളിച്ചാല്‍, ദേശീയഗാനത്തെ അവഹേളിച്ചാല്‍… എന്തു ചെയ്യണം? ദേശദ്രോഹികള്‍ക്കു മേല്‍ ദേശദ്രോഹക്കുറ്റം ചുമത്തുക തന്നെ വേണം.
ജമ്മു-കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം പരാജയമായിരുന്നു എന്നു തോന്നുന്നുണ്ടോ?
സഖ്യത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ വിവിധ വശങ്ങളും പരിശോധിച്ചിരുന്നു. പിഡിപിയുടെ മുഫ്തി മുഹമ്മദ് സാബ് വളരെ പക്വതയുള്ള മുതിര്‍ന്ന നേതാവായിരുന്നു. രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന പാര്‍ട്ടികളാണ് സഖ്യമുണ്ടാക്കിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നു മാസത്തേക്ക് കശ്മീരില്‍ സര്‍ക്കാരുണ്ടായില്ല. നാഷണല്‍ കോണ്‍ഫ്രന്‍സ്-പിഡിപി സഖ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുമായിരുന്നു. കശ്മീരിന്റെ അന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു, നല്ല രീതിയില്‍ മുന്നോട്ടു പോയി, നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇതിനിടെ മുഫ്തി സാബ് അന്തരിച്ചു. മെഹ്ബൂബ മുഫ്തി വന്നു. അവര്‍ക്ക് വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടത്തണം എന്ന ഞങ്ങളുടെ ആവശ്യത്തിലാണ് തര്‍ക്കം തുടങ്ങിയത്. വികസനത്തിനുള്ള പണം പഞ്ചായത്തുകള്‍ വഴി വിനിയോഗിക്കുന്ന രാജ്യത്തിന്റെ പൊതുരീതി കശ്മീരിലും വരുന്നത് നന്ന് എന്നതായിരുന്നു ഞങ്ങളുടെ അഭിപ്രായം.
എന്നാല്‍ ഫണ്ട് മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം നിയന്ത്രിക്കുന്ന രീതിയാണ് അവര്‍ ആഗ്രഹിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു വേണം എന്ന ആവശ്യത്തില്‍ ഞങ്ങള്‍ ഉറച്ചു നിന്നു. തെരഞ്ഞെടുപ്പു നടന്നാല്‍ സംഘര്‍ഷമുണ്ടാവും, രക്തച്ചൊരിച്ചിലുണ്ടാവും എന്നൊക്കെ പരിഭ്രാന്തി പടര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. സഖ്യം അവസാനിച്ചു. രാഷ്ട്രപതി ഭരണം വന്നു. എഴുപത്, എഴുപത്തഞ്ചു ശതമാനം വോട്ടിങ്ങോടെ ഒരു പ്രശ്നവുമില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പു നടന്നു. ഒരാളുടെ പോലും ജീവന് നഷ്ടപ്പെട്ടില്ല. ഇപ്പോള്‍ പഞ്ചായത്ത് അധ്യക്ഷന്മാര് ഭരണം നടത്തുന്നു. ഫണ്ട് അവര്‍ക്കു ചെല്ലുന്നു, അവര്‍ വിനിയോഗിക്കുന്നു.
നല്ലതു ചെയ്യാന്‍ ആഗ്രഹിച്ചാണ് സഖ്യമുണ്ടാക്കിയത്. അതു വിജയിച്ചില്ല, ഞങ്ങള്‍ നമസ്തേ പറഞ്ഞു പിരിഞ്ഞു. പക്ഷേ, അതിന്റെ ഭാരം കശ്മീര്‍ ജനതയുടെ തലയില്‍ വെക്കാന്‍ ശ്രമിച്ചില്ല.
പ്രധാനമന്ത്രി എന്ന പദവി മാറ്റിവെക്കൂ. കശ്മീര്‍ പ്രശ്നം കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് നരേന്ദ്ര മോദി എന്ന വ്യക്തി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ചോദ്യം തന്നെ കൗതുകകരമാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ എന്ന പ്രയോഗത്തിലൂടെ ഇപ്പോള്‍ എന്തോ കുഴപ്പമുണ്ട് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു വെക്കുന്നു. പഞ്ചാബിലും കശ്മീരിലും തീവ്രവാദം അതിന്റെ ഉച്ചകോടിയില്‍ നില്ക്കുന്ന കാലത്ത് പാര്‍ട്ടി ഭാരവാഹി എന്ന നിലയില്‍ അതെല്ലാം ഗൗരവമായി പഠിച്ച ആളാണ് ഞാന്‍. അന്നെല്ലാം ഭീകരവാദം എന്ന ഒറ്റ തലത്തിലാണ് കശ്മീരിനെക്കുറിച്ചു ചര്‍ച്ച വന്നിരുന്നത്. ഇന്നതല്ല സ്ഥിതി. വികസനം കൂടി ചര്‍ച്ചയാവുന്നു. അവിടെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കഴിഞ്ഞിരിക്കുന്നു. ടൂറിസമടക്കമുള്ള രംഗങ്ങളില്‍ എത്ര വലിയ മാറ്റമാണ് ഉണ്ടായത്. കായിക രംഗത്ത് കുറച്ചുകാലമായി കശ്മീര്‍ ടീമുകള്‍ മുന്നേറുന്നത് ശ്രദ്ധിക്കൂ. വിഘടനവാദികളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതു കൊണ്ട് ഇനി സംസ്ഥാനത്തിനു ഗുണമുണ്ടാകില്ല.
വീണ്ടും അധികാരത്തിലെത്തിയാല്‍ ഹുരിയത്ത് ഉള്‍പ്പെടെയുള്ള സംഘടനകളോടു വിട്ടുവീഴ്ചയില്ല എന്നാണോ അര്‍ഥമാക്കുന്നത്?
ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ കടുത്ത ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജമ്മു, ലഡാക്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴപ്പമെല്ലാമുണ്ടാകുന്നത്. മറ്റിടങ്ങള്‍ അത്ര സംഘര്‍ഷ ബാധിതമല്ല.
നവാസ് ഷെരീഫില്‍ നിന്നു വ്യത്യസ്തമായി കശ്മീരിന്റെ കാര്യത്തില്‍ ഇമ്രാന് ഖാന് കൗശലത്തോടെയാണ് നീങ്ങുന്നതെന്നു തോന്നിയിട്ടുണ്ടോ?
അതൊക്കെ പാക്കിസ്ഥാന്റെ കാര്യമാണ്. അത് അവര്‍ തീരുമാനിക്കട്ടെ. ഇന്ത്യയുടെ സുരക്ഷയാണ് എനിക്കു പ്രധാനം. ഒന്നു ശ്രദ്ധിക്കണം. ആരാണ് പാക്കിസ്ഥാനെ നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ? സൈന്യമാണോ? ഐഎസ്ഐയാണോ? അതോ പാക്കിസ്ഥാന്റെ പുറത്തുള്ള ആരെങ്കിലുമാണോ? പാക്കിസ്ഥാന്റെ കാര്യത്തില്‍ ആരോടു സംസാരിക്കണം എന്നത് ലോകരാജ്യങ്ങളെല്ലാം നേരിടുന്ന പ്രശ്നമാണ്.
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയ്ക്ക് എന്തു സാധ്യതയാണുള്ളത്?
അത് ഒട്ടും സങ്കീര്‍ണമായ കാര്യമല്ല. ഞങ്ങള്‍ ഇനി ഭീകരത ഇറക്കുമതി ചെയ്യില്ല എന്നു പാക്കിസ്ഥാന് തീരുമാനിച്ചാല്‍ മാത്രം മതി. ഭീകരത സ്പോണ്സര് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ചാല്‍ ബാക്കിയെല്ലാം ശരിയാവും. ചൈനയുമായുള്ള ബന്ധം നോക്കൂ. അവരുമായും നമുക്ക് അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ട്. പക്ഷേ ചര്‍ച്ചകള്‍ നടക്കുന്നു. ബന്ധം ശക്തമാവുന്നു. യോജിപ്പുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നു. വിയോജിപ്പുകള്‍ ബന്ധത്തിലെ പ്രതിസന്ധിയാക്കാതിരിക്കാന് ഇരുരാജ്യങ്ങളും ശ്രമിക്കുന്നു.
ബലാക്കോട്ട് വ്യോമാക്രമണത്തില്‍ പ്രതിപക്ഷം തെളിവു ചോദിക്കുന്നു. ഉചിതമായ സമയത്ത് സര്‍ക്കാരോ സൈന്യമോ ആ തെളിവു പുറത്തു വിടുമോ?
വലിയ തെളിവുകള്‍ പാക്കിസ്ഥാന് തന്നെ തന്നില്ലേ? പാക് സൈന്യത്തിന്റെ ട്വീറ്റുകള്‍, സര്‍ക്കാരിന്റെ പരിഭ്രാന്തി ഇതെല്ലാം എന്തിനെയാണ് സൂചിപ്പിക്കുന്നത്. മരിച്ച ഭീകരരുടെ കണക്കെടുപ്പ് തങ്ങളുടെ ജോലിയല്ല എന്നാണ് നമ്മുടെ സൈന്യം നല്കിയ മറുപടി. പാക് സൈന്യത്തെയോ ജനങ്ങളേയോ നമ്മുടെ സൈന്യം ലക്ഷ്യമിട്ടില്ല. ഭീകര താവളങ്ങളായിരുന്നു ലക്ഷ്യം. അതേക്കുറിച്ച് വിശദമായി പഠിച്ചാണ് വ്യോമസേന ആക്രമണം നടത്തിയത്. അത് വിജയവുമായിരുന്നു. സ്വന്തം മണ്ണില്‍ ഭീകരരില്ല എന്ന് ഇത്രയും കാലം ലോകത്തോടു പറഞ്ഞുകൊണ്ടിരുന്ന പാക്കിസ്ഥാന് ബലാക്കോട്ടിലെ നഷ്ടം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ നമ്മുടെ രാജ്യത്തുള്ള ചിലര്‍ പാക്കിസ്ഥാന് ഇഷ്ടപ്പെടുന്ന ഭാഷയില്‍ സംസാരിക്കുന്നത് എന്തിനാണ്?
ബലാക്കോട്ട് ആക്രണത്തിന്റെ ഓരോ ഘട്ടവും താങ്കള്‍ അറിഞ്ഞിരുന്നോ?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏറ്റവുമധികം നേരിടുന്ന ചോദ്യമാണിത്. ഒരു കാര്യത്തില്‍ ഇടപെട്ടാല്‍ അതില്‍ മുഴുകുന്ന സ്വഭാവമുള്ള ആളാണ് ഞാന്‍. ഇത് എത്ര ഗൗരവമുള്ള കാര്യമാണ്. നമ്മുടെ സൈനികരുടെ ജീവന് പണയം വെച്ചുള്ള നീക്കമായിരുന്നു. എന്തായി, എന്തായി എന്നു ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു എന്നര്‍ഥമില്ല. ഉറങ്ങില്ല, അറിയിക്കണം എന്നു നിര്‍ദേശിച്ചിരുന്നു. പുലര്‍ച്ചെ 3.40നാണ് അവസാനത്തെ റിപ്പോര്‍ട്ടു കിട്ടിയത്. പൂര്‍ത്തിയായി, സൈനികരെല്ലാം സുരക്ഷിതരായി തിരിച്ചെത്തി എന്ന റിപ്പോര്‍ട്ടായിരുന്നു അത്. കുറച്ചു നേരം കൂടി കമ്പ്യൂട്ടറിനു മുന്നിലിരുന്നു. ലോകം ഇതെങ്ങനെ കാണുന്നു എന്നറിയാന്‍ ആഗ്രഹിച്ചിരുന്നു. അഞ്ചരയോടെ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥന്റെ ട്വീറ്റ് വന്നു. ഏഴു മണിക്ക് ഒന്നിച്ചു യോഗം ചേരണം എന്ന് എല്ലാവരേയും അറിയിച്ചത് അപ്പോഴാണ്.
താങ്കള്‍ക്ക് നെഹ്റു കുടുംബത്തോട് ഇത്ര വിരോധമെന്താണ്? സോണിയ ഗാന്ധി, രാഹുല്‍, വാദ്ര തുടങ്ങിയവരെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാണല്ലോ ആരോപണം?
സഹതാപം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണം. മോദി എന്തു ചെയ്തു? ലാലു പ്രസാദ് ജയിലിലാണ്. കോണ്‍ഗ്രസ് ഭരണകാലത്തു തുടങ്ങിയ കേസാണത്. ശിക്ഷ ഇപ്പോള്‍ വന്നു എന്നതുകൊണ്ട് ഇത് മോദിയുടെ ഗൂഢാലോചന ആവുന്നതെങ്ങിനെ? നെഹ്റു കുടുംബം ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് ഞാന്‍ കൊണ്ടുവന്ന കേസാണോ? അത് നേരത്തേയുള്ള കേസാണ്. ഇവര്‍ അധികാരത്തിലിരുന്നപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കി, നിരപരാധിത്വം തെളിയിക്കാമായിരുന്നില്ലേ? അതു ചെയ്യാതെ, അന്വേഷണം നീട്ടിക്കൊണ്ടു പോയിട്ട് ഇപ്പോള്‍ എന്നോടു ചോദിക്കുന്നു. ഞാന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നു അത്രമാത്രം.
നെഹ്റു കുടുംബത്തില്‍ നിന്നുള്ള മെച്ചപ്പെട്ട നേതാവ് ആരാണെന്നാണ് താങ്കള്‍ കരുതുന്നത്?
എഴുപതു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു കുടുംബത്തിനു പുറത്തു നിന്ന് ഒരു നേതാവിന് ഉയര്‍ന്നു വരാന്‍ പറ്റാത്ത സാഹചര്യമെന്താണെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതിനപ്പുറം ആരാണ് മികച്ചതെന്നു പറയാന്‍ പാകത്തിന് അവരില്‍ ആരുമായും അടുത്ത പരിചയമില്ല. മെച്ചപ്പെട്ട വ്യക്തിയെ നേതാവ് ആക്കുന്നതൊക്കെ ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്.
പ്രിയങ്ക വാരാണസിയില്‍ മത്സരിക്കുമെന്നു കേള്‍ക്കുന്നല്ലോ?
ജനാധിപത്യ രാജ്യമാണ്. ആര്‍ക്കും എവിടെ നിന്നും മത്സരിക്കാം. മോദി ജയിക്കണോ, തോല്ക്കണോ എന്നു തീരുമാനിക്കുന്നത് ജനങ്ങളാണ്. വാരാണസിയിലെ ജനങ്ങളാണ് വലിയ വിജയം സമ്മാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വാരാണസിയില്‍ ഒറ്റ പൊതുയോഗം പോലും സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എനിക്ക് അനുവാദം നല്‍കിയില്ല. പത്രിക നല്കിയ ദിവസം അതിനു ശേഷം പൊതുസമ്മേളനം നടത്താന്‍ അനുവാദം ചോദിച്ചിരുന്നു. ആദ്യം തന്നു, അവസാന നിമിഷം റദ്ദാക്കി. ഇതൊന്നും അന്നു രാജ്യത്തെ മീഡിയ ചര്‍ച്ച ചെയ്തില്ല.
വാരാണസി എന്തുകൊണ്ട് തെരഞ്ഞെടുത്തു?
വാരാണസി എന്നല്ല. എന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഞാന്‍ എടുത്തതല്ല. സംഘടനയ്ക്ക് സമര്‍പ്പിച്ച ജീവിതമാണ് എന്റേത്. സംഘടനയാണ് തീരുമാനിച്ചത്.
രാഹുല്‍ രണ്ടു സീറ്റില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഇത്ര വലിയ ചര്‍ച്ച എന്തിനാണ്. താങ്കള്‍ രണ്ടു സീറ്റില്‍ മത്സരിച്ചു. വാജ്പേയ് മത്സരിച്ചു. ദക്ഷിണേന്ത്യയെ താങ്കള്‍ അവഗണിച്ചതുകൊണ്ടാണ് അവിടെ മത്സരിക്കുന്നതെന്ന ആരോപണവും രാഹുല്‍ ഉന്നയിച്ചിരിക്കുന്നു…
അധികാരത്തിനായി രാജ്യത്തെ വിഭജിച്ചവര്‍, രാഷ്ട്രീയ നേട്ടത്തിനായി തെലങ്കാന, ആന്ധ്ര വിവാദമുയര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ചവര്‍ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. രാജ്യത്തെ തകര്‍ത്തതാരെന്ന് ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹം എവിടെ മത്സരിക്കണം എന്നു തീരുമാനിക്കുന്നത് ആ പാര്‍ട്ടിയാണ്. ഇന്ത്യയുടെ ജനാധിപത്യത്തില്‍ അതിനുള്ള അവസരവുമുണ്ട്. എന്നാല്‍ ഏതു സാഹചര്യത്തിലാണ് മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വന്നതെന്ന് ആലോചിക്കണം. അമേഠിയില്‍ ജയിക്കുന്ന കാര്യം സംശയമാണെന്ന് മാധ്യമങ്ങളാണ് ആദ്യം പറഞ്ഞത്. രണ്ടു മണ്ഡലങ്ങളുടെ തീരുമാനത്തിനു പിന്നില്‍ ഇതാണ് കാരണം. മറ്റു കാരണങ്ങള്‍ അവര്‍ പറയുന്നെങ്കില്‍ പറയട്ടെ. എന്നാല്‍ അമേഠിയില്‍ നിന്ന് അദ്ദേഹം ഓടിപ്പോയതെന്തിനെന്ന ചോദ്യമുയര്‍ത്താനുള്ള സ്വാതന്ത്ര്യം ബിജെപിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: